അടിമാലി: പിറന്നാൾ ദിനത്തിൽ രക്തത്തിൽ കുളിച്ച കുഞ്ഞനിയനെയും ഉമ്മയെയും നേരിൽ കണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല സഹോദരി ആഷ്മി. കഴിഞ്ഞ 29ന് പിതാവ് റിയാസ് വന്നപ്പോൾ ആഷ്മിയ്ക്ക് പിറന്നാൾ സമ്മാനമായി പുതിയൊരു മൊബൈൽ ഫോൺ നൽകിയിരുന്നു. പുതിയ ഫോൺ കിട്ടിയത് അബ്ദുൾ ഫത്താഹിനും സന്തോഷമായി. രണ്ടു പേരും ഒന്നിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് കളിക്കുമായിരുന്നു. സന്ധ്യയായപ്പോൾ 15കാരി തൊട്ടടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വല്ല്യുമ്മ സൈനബയ്ക്ക് കൂട്ടു കിടക്കാൻ പോയി. അതിനാൽ സഹോദരനും മാതാവിനും പറ്റിയ ദുരന്തത്തെക്കുറിച്ച് ഒന്നും അറിയാതെ നല്ല ഉറക്കത്തിലായിരുന്നു അവൾ. സുനിൽകുമാർ അതിക്രമിച്ചു കയറുന്ന ശബ്ദം കേട്ടാണ് ആഷ്മി ഞെട്ടിയുണർന്നത്. കയറിയ വഴി വല്യുമ്മ സൈനബയെ തലയ്ക്കും നെഞ്ചിനും ചുറ്റിക കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ സൈനബ ബോധം കെട്ട് വീണു. ഇതെല്ലാം കണ്ട് പേടിച്ച് നിലവിളിച്ച ആഷ്മിയെ ആക്രമിക്കാതെ സുനിൽ കുമാർ കൂട്ടിക്കൊണ്ടു പോയി കാണിച്ച കാഴ്ച ഓർക്കാൻ കൂടി കഴിയുന്നില്ല. മണിക്കൂറുകൾക്ക് മുമ്പ് വരെ തന്റെയൊപ്പം കളിച്ച കുഞ്ഞനിയൻ തല തകർന്ന് മരിച്ചു കിടക്കുന്നു. തൊട്ടടുത്ത് നിശ്ചലയായി ഉമ്മയും. മുറി നിറയെ ചോര മാത്രം. ഇവിടെ നിന്ന് നിന്ന് ബലമായി തന്നെ സുനിൽ കുമാർ കൊണ്ടുപോകാൻ നോക്കിയപ്പോൾ ആഷ്മി കുതറി മാറി ഓടുകയായിരുന്നു. സുനിൽകുമാർ പിന്നാലെ ചെന്നെങ്കിലും അവളെ പിടിക്കാനായില്ല. ആഷ്മി ഓടി അയൽപ്പക്കത്തെ വീട്ടിലെത്തിയത് കണ്ടാണ് സുനിൽകുമാർ രക്ഷപ്പെട്ടത്. ആഷ്മി പറഞ്ഞാണ് പുറംലോകം അരുംകൊല അറിയുന്നത്.


രണ്ടാം ഭാര്യയുമായി ബന്ധം തുടരാൻ വേണ്ടി അരുംകൊല

അടിമാലി: രണ്ടാം ഭാര്യയായ ഷൈലയ്‌ക്കൊപ്പം സ്വസ്ഥമായി കഴിയാനാണ് ഇവരുമായി സ്ഥിരം വഴക്കിടുന്ന സഫിയയെയും കുടുംബത്തെയും പ്രതി സുനിൽകുമാർ ആക്രമിച്ചതെന്ന് സൂചന. വണ്ടിപ്പെരിയാറിൽ നേരത്തെ സുനിൽകുമാറിന് ഭാര്യയും 13ഉം 14വയസുള്ള രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. 2016 മുതൽ ഇവരുമായി വേർപിരിഞ്ഞ് ഷൈലയുമായി ഒന്നിച്ചു കഴിയുകയായിരുന്നു ഇയാൾ. സുനിൽ കുമാറിനെതിരെ പീരുമേട് കോടതിയിൽ ആദ്യ ഭാര്യ സ്ത്രീനിരോധന നിയമപ്രകാരം നൽകിയ കേസ് നിലവിലുണ്ട്. ആനച്ചാലിലെത്തി ഷൈലയുമായി പരിചയപ്പെട്ട ശേഷം ഷാൻ മുഹമ്മദ് എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടത്. ഷൈലയും സുനിൽകുമാറും അമകണ്ടത്തുള്ള സെറ്റിൽമെന്റ് കോളനിയിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് ഷൈലയ്ക്ക് തറവാട് വീടിനോട് ചേർന്ന് 10 സെന്റ് സ്ഥലം ലഭിച്ചതിനെ തുടർന്ന് അവിടെ താത്കാലികമായി താമസിക്കുന്നതിന് ഒരു ഷെഡ് നിർമ്മിച്ചു. അവിടെ ഇടയ്ക്ക് വന്ന് താമസിക്കുമ്പോൾ സഫിയുമായി നിരന്തരം അതിർത്തി തർക്കമുണ്ടാവുമായിരുന്നു. ഇതിനിടയിൽ സുനിൽ കുമാറും ഷൈലയും ചേർന്ന് സഫിയെ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഷൈലയും സുനിൽ കുമാറും തമ്മിൽ വഴക്ക് ഉണ്ടായതിനെ തുടർന്ന് ഇരുവരും കഴിഞ്ഞ 15 ദിവസമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഷൈലയുടെ പ്രീതി സമ്പാദിച്ച് വീണ്ടും ഒരുമിച്ച് താമസിക്കാനാണ് ശത്രുവായ സഫിയയെ കൊലപ്പെടുത്തിയതെന്ന് മകൾ ആഷ്മിയോട് സുനിൽകുമാർ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പ്രതിയെ ചോദ്യം ചെയ്താൽ വ്യക്തമാകും.