റോഡിന്റെ വീതി കൂട്ടാൻ അരസെന്റ് സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് സ്ഥലമുടമ
വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി റോഡിൽ സ്ട്രിപ്പ്സ് വയ്ക്കാൻ നിർദേശം
വെളിച്ചക്കുറവ് പരിഹരിക്കാൻ ഹൈമാസ്റ്റ് ലൈറ്റ് പരിഗണനയിൽ
.
തൊടുപുഴ: നെല്ലാപ്പാറ കൊടുംവളവിലെ അപകടത്തിന് അറുതി വരുത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരുമിച്ചിറങ്ങി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മുതൽ ഉച്ചവരെ നിന്ന് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന കാടുവെട്ടി തെളിച്ചത്. സ്ഥലമുടമയുടെ അനുമതിയോടെ റോഡരികിലെ മണ്ണ് നീക്കി. ഇതുകണ്ട് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ഇറങ്ങിയതോടെ പണി ഉഷാറായി. റോഡിന്റെ വീതി കുറച്ച് കൂടി കൂട്ടാൻ അരസെന്റ് സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് സ്ഥലമുടമ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിന് വേണ്ട നടപടികൾ പി.ഡബ്ല്യു.ഡി ചെയ്യും. ഇത് കൂടാതെ അപകടം തടയുന്നതിന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനുള്ള സാമഗ്രികൾ റോഡിൽ സ്ഥാപിക്കാൻ ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനിച്ചു. വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി റോഡിൽ സ്ട്രിപ്പ്സ് വയ്ക്കാൻ പി.ഡബ്ല്യു.ഡിക്ക് നിർദേശം നൽകി. അപകട വളവാണെന്ന് സൂചന നൽകുന്ന മിന്നുന്ന മഞ്ഞ ലൈറ്റും വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. റോഡ് റീടാറ് ചെയ്യാനായി ടെണ്ടറായിട്ടുണ്ട്. അതിന് ശേഷം റോഡിന് നടുവിൽ മഞ്ഞവര വരയ്ക്കും. തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കുന്നത് വരെ തത്കാലം ഇവിടെ വാണിംഗ് റിബൺ കെട്ടും. ഇവിടത്തെ വെളിച്ചക്കുറവ് പരിഹരിക്കാൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ നസീർ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്, കരിങ്കുന്നം സി.ഐ പ്രിൻസ് മാത്യു, പി.ഡബ്ല്യു.ഡി എ.ഇ ഷൈലജൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.