yogam

ഇടുക്കി : തേയില ഉത്പാദന രംഗത്ത് സഹകരണ സംഘങ്ങൾ രൂപീകരിച്ചു തേയില ശേഖരിച്ച് ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താനുള്ള നിർദേശം ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ചേർന്ന സർവ്വകക്ഷിയോഗത്തിൽ സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.. ത്രിവേണി, ഇക്കോ ഷോപ്പുകൾ, സഹകരണ സ്ഥാപനങ്ങളുടെ ഷോപ്പുകൾ തുടങ്ങിയവ വഴി ഇടുക്കിയുടെ ബ്രാൻഡ് പേരിൽ തേയില വിൽക്കാൻ സാധിക്കുംവിധം സംഘങ്ങളെ ഉപയോഗിക്കമെന്ന് ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശമുയർന്നത്. ഇത് തോട്ടംമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തോട്ടം തൊഴിലാളി മേഖലയിൽ ഉടമസ്ഥന്റെ പക്കൽ നിന്നും അധികരിച്ച സ്ഥലം ഏറ്റെടുത്ത് ലയങ്ങളിൽ താമസിക്കുന്നവർക്ക് വീട് വെച്ച് നൽകി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പുതിയ നിർദേശവും പാക്കേജിൽ ഇടംകണ്ടു.

12000 കോടി രൂപ ഉപയോഗിച്ച് അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കുന്ന ഇടുക്കി പാക്കേജിന്റെ പ്രഥമിക റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. ജില്ലാ കളക്ടർ ഷീബ ജോർജ് ആമുഖപ്രഭാഷണം നടത്തി.

നിർമാണ സാമഗ്രികളുടെ ലഭ്യത കുറവ് ജില്ലയിലുണ്ട്. മെറ്റൽ, മണൽ തുടങ്ങിയവ ദൂരെ നിന്നും കൊണ്ട് വരേണ്ട അവസ്ഥയാണുള്ളത്. മൊബൈൽ ക്രഷർ യൂണിറ്റുകൾ ജില്ലയിൽ ആരംഭിക്കണം. 2018 ലെ പ്രളയത്തെ തുടർന്ന് പെരിയാറിൽ പാറകൾ അടിഞ്ഞു കൂടിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഇവ ശേഖരിച്ചു മിറ്റൽ ആക്കി വിൽക്കാൻ സാധിക്കും. അതുപോലെ ഡാമുകളിലെ മണൽ ശേഖരിച്ച് ന്യായമായ വിലയ്ക്ക് ആവശ്യക്കാരന് നൽകാം. തൊഴിലുറപ്പ് പദ്ധതിയിലൂടെ ജനപ്രയോജനമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകണം.

.ഓരോ പഞ്ചായത്തിലും വനം വകുപ്പിന്റെ സ്ഥലത്ത് അല്ലാതെ കുറഞ്ഞത് രണ്ട് ടൂറിസം കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണം. ന്യായമായ നിരക്കിൽ ഹോം സ്റ്റേകൾ ഓരോ പഞ്ചായത്തിലും ലഭ്യമാക്കണം.

റിപ്പോർട്ട് 15 ന്

ർക്കാരിന് സമർപ്പിക്കും

കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലൂന്നിയുള്ള റിപ്പോർട്ടിന്റെ കരട് രേഖ ഒക്ടോബർ 12 ന് മുൻപ് ജില്ലാതലത്തിൽ തയ്യാറാക്കി 15 ന് സർക്കാരിന് സമർപ്പിക്കും.യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, മുൻ എംപി ജോയ്‌സ് ജോർജ്, പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ വിവിധ രാഷ്ട്രീയസംഘടനാ പ്രതിനിധികളായ കെകെ ശിവരാമൻ, സിവി വർഗീസ്, സിപി മാത്യു, അനിൽ കൂവപ്ലാക്കൽ, സിബി മൂലപറമ്പിൽ, ജോസ് പാലത്തിനാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.