തൊടുപുഴ: കാമ്പസുകളിൽ വീണ്ടും വിദ്യാർത്ഥികളുടെ കാലൊച്ച, വിരഹങ്ങൾക്കും കൊവിഡ് തീർത്ത അകലങ്ങൾക്കുമപ്പുറം പുത്തൻ പ്രതീക്ഷകൾ വിരിഞ്ഞു. കളിക്കളങ്ങളിൽ ഇറങ്ങിയും മരത്തണലിൽ വിശ്രമിച്ചും സൊറ പറഞ്ഞും ആദ്യദിനത്തെ കൂടുതൽ ആസ്വാദ്യകരമാക്കാൻ വിദ്യാർത്ഥികളും ഇവർക്ക് പിന്തുണയുമായി അദ്ധ്യാപകരും മുന്നിട്ടിറങ്ങി. മുഖത്തിത്തോടിണങ്ങുന്ന കളർഫുളായ മാസ്കുകൾ തന്നെയായിരുന്നു ഇന്നലത്തെ കാമ്പസിലെ താരം. വർണവൈവിധ്യത്തിന്റെ പുത്തൻ സാദ്ധ്യതകൾ പലരും പ്രയോജനപ്പെടുത്തി. നിശ്ചലമായിക്കിടന്ന ലാബുകൾ പലതും വീണ്ടും സജീവമായി. അവസാനവർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ ക്ളാസ് ആരംഭിച്ചിട്ടുള്ളത്. കൂടുതൽ പേർ ഇനിയും എത്തിച്ചേർന്നാലെ കാമ്പസ് പഴയെ പോലെ ഉഷാറാകൂ. ജില്ലയിലെ ചുരുക്കം കോളേജുകൾ ഒഴിച്ച് എല്ലാ എയ്ഡഡ്, ഗവൺമെന്റ്, അൺ എയ്ഡഡ് കോളേജുകളിലും അവസാന വർഷം ഡിഗ്രി, പി.ജി ക്ലാസുകൾ ആരംഭിച്ചു. എഴുപത് ശതമാനം ഹാജരാണ് ഇന്നലെ ഉണ്ടായിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ കോളേജുകളിലും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. താപനിലയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും പരിശോധിച്ചാണ് വിദ്യാർത്ഥികളെ കാമ്പസിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി വിവിധ സംഘടനകളുടെ മേൽനോട്ടത്തിൽ നടക്കുന്ന കാമ്പസ് ശുചീകരണം, സാനിട്ടൈസേഷൻ എന്നിവ കോളേജുകളുടെ പ്രവർത്തനം സുഗമമായി തുടങ്ങാൻ സഹായകരമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലായിടത്തും ക്ലാസുകൾ ആരംഭിച്ചത്.
കാമ്പസ് മൂന്നാർ എൻജിനീയറിംഗ് കോളേജിലെ ഒരു സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചതിനാൽ മൂന്നാർ എൻജിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഇന്നലെ ക്ലാസ് ആരംഭിച്ചില്ല. കോളേജ് വീണ്ടും അണുവിമുക്തമാക്കി ഇന്ന് ക്ലാസ് ആരംഭിക്കുമെന്നു പ്രിൻസിപ്പൽ ഡോ. മനേഷ് അറിയിച്ചു. കട്ടപ്പന ഗവൺമെന്റ് കോളേജിൽ കൊവിഡ് ഡൊമിസിലറി കെയർ സെന്റർ പ്രവർത്തിക്കുന്നതിനാൽ ഫൈനൽ പി.ജി ക്ലാസുകൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. ഡൊമിസിലറി കെയർ സെന്റർ ബുധനാഴ്ച മാറ്റുമെന്നാണ് മുനിസിപ്പൽ ചെയർമാൻ അറിയിച്ചിരിക്കുന്നത്. ഡൊമിസിലറി കെയർ സെന്റർ മാറിയാൽ ബുധനാഴ്ച ക്ലാസുകൾ അണുവിമുക്തമാക്കി ഡിഗ്രി അവസാനവർഷം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. കണ്ണൻ അറിയിച്ചു.