കുടയത്തൂർ: കോളപ്ര ഹയർ സെക്കൻ്ററി സ്കൂൾ ജങ്ഷനിൽ പ്രവർത്തിക്കുന്ന മൂന്ന് കച്ചവട സ്ഥാപനങ്ങളിൽ മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.ഇന്നലെ രാവിലെ ഉടമസ്ഥർ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.കല്ലംമാക്കൽ മോഹനൻ്റെ അശ്വതി സ്റ്റോഴ്സിൻ്റെ ഷട്ടറിൻ്റെ താഴ് തകർത്ത് അകത്തു കടന്നെങ്കിലും മേശ ഡ്രോയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല.കടയ്ക്കുള്ളിൽ സി സി ടി വി കാമറ കണ്ടതിനാൽ മോഷണം നടത്താതെ പിൻതിരിഞ്ഞതാണ് എന്ന് കരുതുന്നു. പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നതിനാൽ കട അടച്ച സമയത്ത് കാമറയുടെ കണക്ഷൻ കടയുടമ വിച്ഛേദിച്ചിരുന്നു. സുനിലിൻ്റെ ചിറയ്ക്കൽ സ്റ്റോഴ്സിൽ നിന്നും 2000 രൂപ കവർന്നു.ഇവിടെയും താഴ് തകർത്താണ് മോഷ്ടാവ് ഉളളിൽ കടന്നത്.ഇറച്ചി മത്സ്യവ്യാപാരം നടത്തുന്ന മറ്റൊരു കടയിൽ കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. ഏഴാംമൈൽ ജങ്ഷനിലുള്ള തുളസിദാസിൻ്റെ കുഞ്ഞാറ്റ സ്റ്റോഴ്സിലും മോഷണം നടന്നു .ഇവിടെ നിന്നും മൂവായിരം രൂപയോളം കവർന്നു. മോഷണം നടന്നത് മുട്ടം, കാഞ്ഞാർ പൊലീസ് സ്റ്റേഷൻ അതിരായതിനാൽ രണ്ട് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.