മൂലമറ്റം: കാഞ്ഞാർ പുള്ളിക്കാനം റോഡിൽ യാത്രയ്ക്കിടെ കാറിൽ നിന്ന് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയയാൾ അബദ്ധത്തിൽ കൊക്കയിൽ വീണ് ഗുരുതര പരിക്ക്. രക്ഷപ്പെടുത്താനിറങ്ങിയ ഡ്രൈവറും കൊക്കയിലേക്ക് പതിച്ചെങ്കിലും ഇരുവരെയും പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കൊക്കയിൽ വീണ മുതലക്കോടം സ്വദേശി കുന്നപ്പള്ളി (കട്ടയ്ക്കൽ) ജിൻസൺ കെ. ഫിലിപ്പിനാണ് (38) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ കുമ്പങ്കാനം വലിയപാറ ഭാഗത്തായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് പുള്ളിക്കാനത്തേയ്ക്ക് വരുന്നതിനിടെ മൂത്രം ഒഴിയ്ക്കുന്നതിനായാണ് കാർ നിറുത്തിയത്. കനത്ത മഞ്ഞും മഴയുമുള്ളതിനാൽ റോഡരികിൽ മൂത്രം ഒഴിയ്ക്കുന്നതിനിടെ ജിൻസൺ കാൽതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. ഇതു കണ്ട് ഡ്രൈവർ ഉണ്ണി രക്ഷപ്പെടുത്താനിറങ്ങുകയായിരുന്നു. കാൽ വഴുതിയെങ്കിലും കുറ്റിച്ചെടിയിൽ പിടിച്ചു ഉണ്ണി നിന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരാണ് അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജിൻസണെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിക്ക് കാര്യമായി പരിക്കില്ല.