വർഷങ്ങളേറെ പിന്നിട്ടിട്ടും 'നിറക്കൂട്ട് " സിനിമയും അതിലെ പാട്ടുകളും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും ഒരുപടി മുകളിലാണ്. 36 വർഷങ്ങൾക്ക് മുമ്പ് ഒരു സെപ്‌തംബർ 12നായിരുന്നു ചിത്രം റിലീസായത്. ഇപ്പോഴും സിനിമാപ്രേമികൾക്കിടയിൽ 'നിറക്കൂട്ട് " ചർച്ചയാകുന്നതിന്റെ പിന്നിൽ മമ്മൂട്ടി എന്ന നടന്റെ അതിസൂക്ഷ്‌മമായ പകർന്നാട്ടവും അതിനോടൊപ്പമോ അതിനും മുകളിലോ നിൽക്കുന്ന സ്ക്രിപ്റ്റുമാണെന്ന് ഓരോ പ്രേക്ഷകനും സമ്മതിക്കും.
ക്ലാസിക്കൽ വിജയവും കൊമേഴ്സ്യൽ വിജയവും മാത്രമല്ല സകല മേഖലകളിലും മികവ് തെളിയിച്ചൊരു ചിത്രമായിരുന്നു 'നിറക്കൂട്ട്". മൂന്നര പതിറ്റാണ്ട് പിന്നിട്ടത്തിന്റെ ഓർമകൾ പങ്കുവയ്‌ക്കുകയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ ജൂബിലി ജോയി.
രാവും പകലും പണിയെടുത്തു,
45ാം ദിവസം തിയേറ്ററിൽ
പതിവിൽ നിന്ന് വ്യത്യസ്‌തമായൊരു മേക്കോവറിലാണ് മമ്മൂട്ടിയെ നിറക്കൂട്ടിൽ അവതരിപ്പിച്ചത്. തല മൊട്ടയടിച്ചും ചില സന്ദർഭങ്ങളിൽ കുറ്റിമുടിയും കുറ്റിത്താടിയുമണിഞ്ഞ് തടവുകാരന്റെ വേഷത്തിലും മമ്മൂട്ടി അരങ്ങ് തകർത്തു. നിറക്കൂട്ടിന്റെ പ്രോജക്‌ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ കാണാനെത്തിയപ്പോഴാണ് ബാലു മഹേന്ദ്രയുടെ പുതിയ സിനിമയായ 'യാത്ര"യിലെ കഥാപാത്രത്തിനായി അദ്ദേഹം തല മൊട്ടയടിച്ച വിവരം അറിഞ്ഞത്. 'നിറക്കൂട്ട്" സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ തല മൊട്ട അടിച്ചുള്ള മമ്മൂട്ടിയുടെ ലുക്കാണ്. അതിനാൽ നിറക്കൂട്ടിന്റെ റിലീസിന് മുമ്പ് യാത്ര റീലീസ് ആയാൽ നിറക്കൂട്ടിന്റെ സാദ്ധ്യത ഇല്ലാതാകും എന്ന ഭയം അണിയറ പ്രവർത്തകർക്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ യാത്ര റീലീസാകുന്നതിനു മുൻപ് 'നിറക്കൂട്ട്" റീലീസ് ചെയ്യാൻ സംവിധായകൻ ജോഷിയുമായി ധാരണയിലെത്തി. പിന്നെയൊരു യുദ്ധമായിരുന്നു. രാവും പകലും പണിയെടുത്ത് ഷൂട്ടിംഗ് നടത്തി, നാൽപ്പത്തിയഞ്ചാം ദിവസം ചിത്രം തിയേറ്ററിലെത്തിച്ചു.
സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്
ഓരോ ദിവസവും ഷൂട്ട് ചെയ്യുന്ന റീലുകൾ കൊല്ലത്ത് നിന്ന് ട്രിവാൻഡ്രം മെയിലിലാണ് മദ്രാസിലേക്ക് അയച്ചിരുന്നത്. മദ്രാസ് റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കുന്ന സഹപ്രവർത്തകർ ട്രിവാൻഡ്രം മെയിലിൽ നിന്ന് റീലുകൾ കളക്‌ട് ചെയ്‌ത് ലാബിൽ എത്തിക്കും. പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്‌ടർ ചെല്ലപ്പനെ സ്ക്രിപ്റ്റുമായി മദ്രാസിലേയ്‌ക്കയച്ചു.
ഓരോ ദിവസവും ഷൂട്ട് ചെയ്യുന്ന സീനുകൾ ലാബിൽ പ്രിന്റ് എടുത്ത് എഡിറ്റിംഗ് കഴിഞ്ഞ് ഡബ്ബ് ചെയ്യാനുള്ള ഓർഡറിൽ ആക്കിയിരുന്നു. പിന്നീട് മമ്മൂട്ടി ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. എന്നാൽ സെൻസറിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ചെയ്‌തു തീർക്കാൻ നിരവധി വർക്കുകൾ ബാക്കിയുണ്ടായിരുന്നു. റീ റെക്കാർഡിംഗ്, ഫിലിമിലേക്ക് സൗണ്ട് ട്രാൻസ്‌പോർട്ടേഷൻ, ലാബിൽ വാഷിംഗ്, നെഗറ്റീവുമായി ലിങ്ക് ചെയ്‌ത് പ്രിന്റ് ചെയ്യൽ തുടങ്ങി അവസാനവട്ട വർക്കുകൾ പൂർത്തീകരിച്ചപ്പോൾ സമയം പുലർച്ചെ 4.15 ആയി. എന്നാൽ, ലാസ്റ്റ് റീൽ പ്രിന്റ് ചെയ്യാൻ കൊടുത്തത് കിട്ടാൻ വൈകിയിരുന്നു.
റീലുകൾ പിറ്റേ ദിവസം രാവിലെ സെൻസറിംഗ് ഓഫീസിൽ എത്തിക്കാൻ പുലർച്ചെ 4.45 നുള്ള തിരുവനന്തപുരം ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. പതിന്നാലാം റീൽ പൂർത്തിയായാൽ അതുമായി വിമാനത്താവളത്തിലെത്താൻ ഞങ്ങളുടെ മാനേജർ ഗോപാലകൃഷ്ണനോട് പറഞ്ഞു. ഫ്ലൈറ്റിൽ കൊണ്ടുപോകാൻ 12 റീൽ ലഗേജിലും ഒരു റീൽ എന്റെ കൈ വശമുള്ള സഞ്ചിക്കകത്തുമായിരുന്നു. ചെക്കിൻ ചെയ്‌ത് വിമാനത്താവളത്തിൽ ഞാൻ കാത്തിരിക്കുമ്പോൾ "മിസ്റ്റർ ജോയ് തോമസ് ഫ്ലൈറ്റ് പുറപ്പെടാൻ പോവുകയാണ്, ഇത് ഫൈനൽ അറിയിപ്പാണ് "എന്ന അനൗൺസ്‌മെന്റ് കേൾക്കുന്നു. പേരെടുത്ത് അനൗൺസ് ചെയ്‌തിട്ടും കേൾക്കാത്തമട്ടിൽ പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്ന എന്നെ തന്നെ നോക്കി നിൽക്കുകയാണ് സെക്യൂരിറ്റി. കൈയിലെ വാച്ചിലേക്ക് നോക്കി; സമയം 4.35. ഫ്ലൈറ്റ് പുറപ്പെടാൻ 5 മിനിറ്റ് മാത്രം. പ്രതീക്ഷകൾ അസ്‌തമിക്കാൻ പോകുന്ന സങ്കടത്തോടെ നോക്കുമ്പോൾ എയർപോർട്ട് റോഡിലൂടെ എന്റെ ഫിയറ്റ് കാറ് ചീറിപ്പാഞ്ഞ് വരുന്നു. ഒരു സിനിമാചെയ്‌സ് രംഗംപോലെ കാർ ബ്രേക്കിട്ട് നിർത്തി.
'യാത്ര"യ്‌ക്ക് മുമ്പേ എത്തി 'നിറക്കൂട്ട്"
ഗോപാലകൃഷ്‌ണന്റെ കൈയിൽ നിന്ന് റീലും വാങ്ങി ഞാനോടി ഫ്ലൈറ്റിനടുത്തേക്ക് പാഞ്ഞു. ഒരു കൈയിൽ സഞ്ചിയിലുള്ള റീലും തൂക്കി മറ്റേ കൈയിലുള്ള റീൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഓടിയെത്തിയപ്പോൾ ഫ്ലൈറ്റിന്റെ ലാഡർ വലിച്ച് കഴിഞ്ഞിരുന്നു.
ക്യാപ്റ്റന്റെ അനുമതിയോടെ ഒരുവിധം ഓടിക്കിതച്ച് സീറ്റിലിരുന്നപ്പോൾ യാത്രക്കാരെല്ലാം ആകാംക്ഷയോടെ എന്നെത്തന്നെ നോക്കുകയായിരുന്നു. പെട്ടന്നാണ് എന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന നടൻ വിജയകാന്തിനെ കാണുന്നത്. റീലും പിടിച്ച് വരുന്ന എന്നെ കണ്ടപ്പോൾ 'എന്നാച്ച്" എന്ന് വിജയകാന്ത് എന്നോട് ചോദിച്ചു. 'ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് " ആണെന്ന് പറഞ്ഞപ്പോൾ ജൂബിലി പ്രൊഡക്ഷൻസിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിജയകാന്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും കൗതുകമായി. അടുത്ത ദിവസം റീലീസ് ചെയ്യേണ്ട ചിത്രത്തിന്റെ റീലുമായി സെൻസറിംഗിന്റെ തലേ ദിവസം പുലർച്ചെയുള്ള പ്രൊഡ്യൂസറിന്റെ യാത്ര വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് വിജയകാന്ത് പറഞ്ഞു.
പിന്നീട് കൊച്ചി വഴി ഫ്ലൈറ്റ് തിരുവനന്തപുരം എയർപോർട്ടിൽ എത്തി. അവിടെ നിന്ന് റീൽ സെൻസറിംഗ് ഓഫീസിൽ എത്തിച്ച് സെൻസറിംഗും പൂർത്തീകരിച്ചു. അണിയറപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണത്തെ തുടർന്ന് അനൗൺസ് ചെയ്‌ത ഡേറ്റിൽ തന്നെ 'നിറക്കൂട്ട്" റീലീസ് ചെയ്യാൻ സാധിച്ചു. 'യാത്ര" റീലീസ് ആകുന്നതിന് 8 ദിവസം മുൻപ് നിറക്കൂട്ട് തിയേറ്ററുകളിൽ എത്തിക്കാൻ നടത്തിയ അതിതീവ്രമായ പ്രയത്നമാണ് 'നിറക്കൂട്ടി"നെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ഇപ്പോഴും മനസിൽ ഓടിയെത്തുന്നത്. 1985 സെപ്‌തംബർ 12നാണ് 'നിറക്കൂട്ട്" റിലീസായത്. 'യാത്ര" സെപ്‌തംബർ 25നും റിലീസായി. എന്തായാലും രണ്ട് ചിത്രവും വൻവിജയമായിരുന്നു.