തൊടുപുഴ: തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾ മുഴുവൻ സമയബന്ധിതമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് കാലതാമസം കൂടാതെ തുറന്നുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. ടെർമിനലിന്റെ ബാക്കിയുള്ള നിർമ്മാണജോലികൾ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെ ഏൽപ്പിച്ചതായി കെ.എസ്.ആർ.ടി.സി എം.ഡി കമ്മിഷനെ അറിയിച്ചു. എച്ച്.എൽ.എല്ലിന് വർക്ക് ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡോ. ഗിന്നസ് മാടസാമി, ഡോ പി.സി. അച്ചൻ കുഞ്ഞ്, മനോജ്‌ കോക്കാട്ട് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.