ഇടുക്കി: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ഇടുക്കി പാക്കേജിൽ ജില്ലയുടെ കായികരംഗത്ത് കൂടുതൽ പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ഉൾപ്പെടുത്തിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ധാരണ. പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ നടത്തിവരുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണിത്.

ജില്ലയിൽ നീന്തൽ പരിശീലനത്തിന് ഇപ്പോൾ വേണ്ടത്ര സൗകര്യമില്ല. അതിനായി സാദ്ധ്യമായ സ്‌കൂളുകളിൽ നീന്തൽക്കുളങ്ങൾ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കൂടാതെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗ കേന്ദ്രങ്ങളും ആവശ്യമാണ്. ജില്ലയിലെ വിവിധ കളിക്കളങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. വിവിധയിടങ്ങളിൽ വേണ്ടത്ര സ്‌പോട്‌സ് ഹോസ്റ്റലുകളും സ്ഥാപിക്കണം. ഗ്രാമപഞ്ചായത്ത്, സ്‌കൂൾ തലങ്ങളിൽ കായികരംഗത്തിന് കൂടുതൽ പ്രാധാന്യം നൽകണം. തോട്ടം മേഖലയിലെ കുട്ടികൾക്കു കായിക പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പാക്കേജിന്റെ കരട് റിപ്പോർട്ടിൽ ഈ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുമെന്നു ചർച്ചയ്ക്ക് മറുപടിയായി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

ചർച്ചയിൽ ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ സ്‌പോട്‌സ് ഓഫീസർ ഇൻചാർജ് ദീപ്തി മരിയ ജോസ്, മുൻ കായികതാരങ്ങളായ ജിൻസി ജോസ്, അഞ്ജലി ജോസ്, ഷെറിൻ ജോസ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി എസ ഡോമിനിക്, കട്ടപ്പന ഗവ. കോളേജ് ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. അജയ് പി. കൃഷ്ണ, വുഷു അസോസിയേഷൻ പ്രസിഡന്റ് രാജൻ ജേക്കബ്, നങ്കിസിറ്റി എസ് എൻ എച്ച് എസ് എസ് കായിക വിഭാഗം അദ്ധ്യാപകൻ ഷൈജു ചന്ദ്രശേഖരൻ, സ്‌പോട്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി പി. കെ. കുര്യാക്കോസ്, കെ എൽ ജോസഫ്, ജില്ലാ പ്‌ളാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.