മൂന്നാർ: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതിന് പിന്നാലെ ഒന്നരവർഷത്തിന് ശേഷം മൂന്നാറിൽ നിന്നുള്ള അന്തർസംസ്ഥാന പാതയിൽ ബസ് സർവീസ് പുനഃരാരംഭിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്കായിരുന്നു മൂന്നാർ- ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ ബസ് സർവ്വീസ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ സ്വകാര്യ ബസ് സർവ്വീസായ ഫാത്തിമ ബസാണ് ആദ്യമായി റൂട്ടിൽ ഓടിയത്. തേനിക്കായിരുന്നു ആദ്യ സർവ്വീസ്. കൊവിഡ് ഭീഷണി മൂലം ഒന്നര വർഷം മുമ്പ് മൂന്നാറിൽ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ബസ് സർവ്വീസുകൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. തോട്ടംമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുന്ന ഏറെപ്പേരും തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഇവരുടെ യാത്ര ഇതോടെ സുഗമമായി. അതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങളുടെ വിപണന സാദ്ധ്യതകളും വർദ്ധിക്കും. അന്തർ സംസ്ഥാന യാത്രക്കാർ, വിനോദ സഞ്ചാരികൾ തുടങ്ങിയവർക്കും അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചത് ഗുണം ചെയ്യും.