മുട്ടം: റബർ തോട്ടത്തിൽ ശൗചാലയ മാലിന്യം തള്ളിയ സംഭവത്തിൽ മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്ഥലഉടമ വള്ളിപ്പാറ മണ്ണൂർ ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ 3 മണിയോടെ ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയതെന്ന് പറയപ്പെടുന്നു. മഴ പെയ്‌തതിനാൽ മാലിന്യം ചുറ്റ് പ്രദേശങ്ങളിലെയും പറമ്പുകളിലേക്കും വ്യാപിച്ച് ദുർഗന്ധം വമിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നമ്പർ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞില്ല. പഞ്ചായത്ത് - ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി വിവരങ്ങൾ ആരാഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് ചുറ്റിലും വൃത്തിയാക്കി. മലങ്കര പെരുമറ്റത്ത് റോഡിന് വീതി കൂട്ടിയ സ്ഥലത്ത് പുഴയുടെ തീരത്തും വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. യാത്രക്കാരായ ആളുകൾ വലിച്ചെറിയുന്ന ഭക്ഷണത്തിന്റെ അവശിഷ്ടമാണ് പുഴയുടെ തീരത്തേക്ക് തള്ളുന്നത്.മത്സ്യം, മാംസം ഉൾപ്പടെ ദുർഗന്ധം വമിക്കുന്ന ഭക്ഷണ മാലിന്യം മഴവെള്ളത്തിൽ ഒലിച്ച് തൊടുപുഴ ആറ്റിലേക്കാണ് ഒഴുകി എത്തുന്നതും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് ആളുകൾ കുടിക്കാൻ ഉപറ്റഗിക്കുന്നത് തൊടുപുഴ ആറ്റിലെ വെള്ളമാണ്. ഹില്ലി അക്വാ കുടിവെള്ള പ്ലാന്റിലേക്കും തൊടുപുഴ ആറ്റിൽ നിന്നുള്ള വെള്ളമാണ് എടുക്കുന്നതും. എന്നാൽ മുട്ടം ടൗൺ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറകൾ പ്രവർത്തന രഹിതമായിട്ട് ഏറെ മാസങ്ങൾ കഴിഞ്ഞെങ്കിലും ഫണ്ടിന്റെ അപര്യാപ്തയിൽ ഇവ പ്രവർത്തന സജ്ജമാക്കാൻ സാധിച്ചിട്ടില്ല.
"പഞ്ചായത്ത് പ്രദേശത്ത് രാത്രി കാലങ്ങളിലും പുലർച്ചെ സമയങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മുട്ടം പൊലീസ് ഇരുചക്ര വാഹനങ്ങളിൽ മഫ്തിയിൽ പ്രത്യേക പട്രോളിംങ്ങും ആരംഭിച്ചു. സി സി ടി വി ക്യാമറകൾ പ്രവർത്തിപ്പിക്കാൻ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഉടൻ പ്രവർത്തിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ" വി ശിവകുമാർ, മുട്ടം സി ഐ.
കാമറകൾക്ക്
ഫണ്ട് ലഭിക്കും.
"തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങൾക്ക് സി സി ടി വി കാമറകൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന് ജില്ലാ പ്ലാനിങ്ങ് കമ്മറ്റിയുടെ അനുമതി വാങ്ങണം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ച് ഇതിനുള്ള പ്രോജക്ട് തയ്യാറാക്കാവുന്നതാണ് ".
അസി: ഡയറക്ടർ, കില