മണക്കാട്: കലുങ്ക് നിർമിക്കാനായി റോഡ് ഭാഗികമായി രണ്ടാഴ്ചയോളം ബ്ലോക്ക് ചെയ്ത് പകുതിയോളം കുത്തിപൊളിച്ച ശേഷം പണി ഉപേക്ഷിച്ച് പി.ഡബ്ല്യു.ഡിയുടെ വക മുട്ടൻ പണി. പുതുപ്പരിയാരം- വഴിത്തല റോഡിൽ സഹകരണ ബാങ്കിന് സമീപം കലുങ്ക് നിർമിക്കുന്നതിനായാണ് പൊതുമരാമത്ത് വിഭാഗം റോഡ് കുത്തിപൊളിച്ച് കുളമാക്കിയത്. മഴ പെയ്താൽ ഈ ഭാഗത്തെ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ഇവിടെ കലുങ്ക് പണിയാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. പദ്ധതിയെക്കുറിച്ച് പഠിക്കാതെ വളവിൽ കലുങ്ക് നിർമിക്കാൻ പി.ഡബ്ല്യു.ഡി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി റോഡ് ഭാഗികമായി ബ്ലോക്ക് ചെയ്ത് റോഡിൽ എട്ടടി നീളത്തിലും നാലടി വീതിയിലുമായി വലിയ കുഴി നിർമിക്കാൻ ആരംഭിച്ചു. വഴിയടച്ചതോടെ ബൈക്കും ഓട്ടോറിക്ഷയുമടക്കമുള്ള ചെറു വണ്ടികളല്ലാതെ വലിയ വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. തുടർന്ന് പെരിയാമ്പ്ര ഭാഗത്തുള്ളവർക്കടക്കം രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് വളവിൽ കലുങ്ക് നിർമിച്ചാൽ റോഡിന് വീതി കുറയുമെന്ന കാര്യം പൊതുപ്രവർത്തകർ പി.ഡബ്ല്യു ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്. ഇതിന് അൽപ്പം മാറി കലുങ്ക് പണിതാൽ പ്രശ്നം പരിഹരിക്കാനാകുമെന്നും ഇവർ ബോധ്യപ്പെടുത്തി. തുടർന്ന് ഇത് അംഗീകരിച്ച ഉദ്യോഗസ്ഥർ രണ്ടാഴ്ച കൊണ്ട് നിർമിച്ച കുഴി മണ്ണിട്ട് മൂടി സ്ഥലം വിട്ടു. ഇതിപ്പോൾ നാട്ടുകാർക്ക് നേരത്തേതിനേക്കാൾ വലിയ കുരിശായി മാറിയിരിക്കുകയാണ്. വെള്ളക്കെട്ട് പരിഹരിച്ചില്ലെന്ന് മാത്രമല്ല, പുതുമണ്ണിട്ട് കുഴി മൂടിയതിനാൽ ഇവിടം ചെളിക്കുളമായി മാറി. മണ്ണ് ഉറയ്ക്കാത്തതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി പോയാൽ സമീപത്തെ കണ്ടത്തിലേക്ക് മറിയാനുള്ള സാദ്ധ്യതയുമേറെയാണ്. തുടർന്ന് പ്രശ്നത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളുമടക്കമുള്ള നാട്ടുകാർ പ്രതിഷേധിച്ചു. ഇന്ന് തൊടുപുഴ പി.ഡബ്ല്യു.ഡി ആഫീസിലെത്തി പരാതി പറയാനിരിക്കുകയാണ് പ്രദേശവാസികൾ.