തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശ നഷ്ടം. അഞ്ചിരി, ഇഞ്ചിയാനി, കുടിൽപ്പാറ,കുട്ടപ്പൻകവല എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. മരം ഒടിഞ്ഞുവീണ് നിരവധിവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇഞ്ചിയാനി ഭാഗത്ത് ജോൺ വട്ടക്കുഴി, ജോസ് വണ്ടൻമായ്ക്കൽ, ജോജോ മംഗലത്ത്, രാജൻ മേസ്തിരി, സാന്റോ കണ്ടത്തിൻകര, പത്രോസ് ദേവരുപാറ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരം വീണ് കനത്തനാശനഷ്ടമുണ്ടായി. പ്രദേശത്തെ നിരവധി കർഷകരുടെ റബർ,വാഴ,മരച്ചീനി തുടങ്ങിയ കൃഷികളും കാറ്റിൽ നശിച്ചു. വൈദ്യുതി ലൈനിലേക്ക് മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞതോടെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. ആയിരകണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മിനി ജറി, കൃഷി ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ച കർഷകർ കൃഷിഭവനമായി ബന്ധപ്പെടണമെന്നും അക്ഷയ വഴി രേഖകൾ സഹിതം ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു.