sabu

കട്ടപ്പന: പന്ത്രണ്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റേഷൻ കടയുടമ രണ്ട് മാസത്തിന് ശേഷം അറസ്റ്റിൽ. വാഴവര പള്ളിനിരപ്പേൽ കല്ലുവച്ചേൽ സാബു(55) ആണ് പോക്‌സോ കേസിൽ കട്ടപ്പന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സാർത്ഥം അച്ഛനും അമ്മയും സത്തോദരിയും തിരുവനന്തപുരത്തിന് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നത് മുതലെടുത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ശേഷം പെൺകുട്ടിയെ കയറി പിടിച്ചു, കുതറിമാറിയ കുട്ടി മുറിയിൽ കയറി വാതിലടച്ചു, പിന്നാലെ പിതൃസഹോദരിയോട് വിവരം വിളിച്ച് പറയുകയായിരുന്നു. ഇവരെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഒന്നര മാസത്തോളം ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാൽ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് അറസ്റ്റ്. കട്ടപ്പന ഡിവൈ.എസ് പി വി.എ. നിഷാദ്‌മോന്റെ നിർദ്ദേശപ്രകാരം കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്‌.ഐ കെ. ദിലീപ് കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.