ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താൽ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം പരിസര ശുചിത്വ നിലവാരം വർദ്ധിപ്പിക്കണമെന്നും ചർച്ചയിൽ ആമുഖപ്രഭാഷണം നടത്തിയ ആസൂത്രണ ബോർഡംഗവും രാജ്യാന്തര സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
ജില്ലയുടെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ സ്വാഗത കേന്ദ്രങ്ങളും സഞ്ചാരികൾക്കായി ടൂറിസം ഹബ്ബുകളും ആവശ്യമാണ്. 50 വർഷം മുന്നിൽക്കണ്ട് ജില്ലയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വിധത്തിൽ മാസ്റ്റർപ്‌ളാൻ തയാറാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ യോഗത്തിൽ ഡീൻകുര്യാക്കോസ് എംപി, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ എന്നിവരും ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ ഭാരവാഹികളും ഇടുക്കി പാക്കേജ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.