മായാജാലമില്ലാതെ കൈലിയുടുത്ത് നെല്ല് കൊയ്ത് മുതുകാട്
തൊടുപുഴ: കൈലി മുണ്ടുടുത്ത് കൈയിൽ അരിവാളുമായി മാന്ത്രികൻ ഗോപിനാഥ് മുതുകാട് തനി കർഷകനായി പാടത്തേയ്ക്കിറങ്ങി.മായാജാലമേതുമില്ലാതെ നെൽക്കതിരുകൾ കൊയ്‌തെടുത്തു. കണ്ടു നിന്നവർ കൈയടിച്ചു. ഫ്യൂജിഗംഗ ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മജീഷ്യൻ മുതുകാട്. പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലയ്ക്ക് സമീപമുള്ള ചെള്ളൽ പാടശേഖരത്തിലായിരുന്നു വിളവെടുപ്പ്. ഉച്ചയ്ക്ക് 12 മണിയോടെ കൈലി മുണ്ടുമുടുത്താണ് മുതുകാട് കാറിൽ വന്നിറങ്ങിയത്. സംഘാടകർ നെൽകതിർ നൽകി ആവേശത്തോടെ സ്വീകരിച്ചു. തുടർന്ന് തലയിൽ തോർത്ത്‌കെട്ടി പാടത്തിറങ്ങി നെല്ല് കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. കർഷകനായ അച്ഛനൊപ്പം പണ്ട് കന്നുപൂട്ടാനും വിത്തു വിതയ്ക്കാനും പോയ ഓർമകൾ നെൽപാടത്തെത്തിയപ്പോൾ മനസിലേക്ക് കടന്നുവന്നതായി മുതുകാട് പറഞ്ഞു. ഫ്യൂജിഗംഗ കേരളത്തിന് കൊടുക്കുന്ന മഹത്തായ സന്ദേശമാണ് വിളഞ്ഞുനിൽക്കുന്ന ഈ നെൽപാടമെന്നും അദ്ദേഹം പറഞ്ഞു. പാടവരമ്പിലൂടെ നടന്ന് നെൽകൃഷിയെല്ലാം കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 'സുഭിക്ഷം സൂരക്ഷിതം' പദ്ധതിയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും ജൈവരീതിയിൽ നടത്തിയ നെൽകൃഷിയാണിത്. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റിനാൽ, വാർഡ് മെമ്പർ സിനി ജസ്റ്റിൻ, പ്രിൻസിപ്പൽ കൃഷി ആഫീസർ എലിസബത്ത് പുന്നൂസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി, തൊടുപുഴ ബ്ലോക്ക് അസി. ഡയറക്ടർ ചന്ദ്രബിന്ദു കെ.ആർ, പുറപ്പുഴ കൃഷി ആഫീസർ പ്രിയമോൾ തോമസ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. അജിത്കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ആൻസി പോൾ, ഇൻവെസ്റ്റിഗേറ്റർ കെ.എം. നസീമ, പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോൺസൻ ജോസഫ്, ഫ്യൂജിഗംഗ ജപ്പാൻ ചാ്ര്രപർ പ്രസിഡന്റ് ജോജോ അഗസ്റ്റിൻ, പി.പി. വിജയൻ, ആർ. ബിജു, കർഷകരായ ശിവരാമൻ, പ്രഭാകരൻ, ജോസ് എന്നിവരും ഫ്യൂജിഗംഗാ പ്രസിഡന്റ് എം.ഡി. ദിലീപ്, സെക്രട്ടറി സി.കെ. സുനിൽരാജ്, എസ്.എച്ച് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ജെയിംസ് വി. ജോർജ്, ഫ്യൂജിഗംഗ ഭാരവാഹികളായ പി.എസ്. ഭോഗീന്ദ്രൻ, അഡ്വ. എസ്. സത്യൻ, സോയി ജോസഫ്, സി.ബി. ജയകൃഷ്ണൻ, സി.ബി. ഹരികൃഷ്ണൻ, വി.എസ്.എം. നസീർ, കെ.എൻ. രഘു, ഏഞ്ചൽ അടിമാലി, ഹരി സി. ശേഖർ, കെ.എ. സുദർശനൻ, കെ.ആർ. വിനോദ്, സിബി സി മാത്യു എന്നിവർ നേതൃത്വം നൽകി.