kolani1


തൊടുപുഴ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടം ജില്ലയിൽ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കോലാനിയിൽ ക്ഷീരകർഷകനായ രാജേഷ് ഭവനിൽ രാധാകൃഷ്ണന്റെ വസതിയിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയാ ചാണ്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ആർ. ഹരി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കുര്യൻ കെ ജേക്കബ്, ഫീൽഡ് ഓഫീസർ റോബിൻസൺ പി ജോസ, ക്ഷീരസംഘം പ്രസിഡന്റ് കെ. ജെ. മാത്യു എന്നിവർ പ്രസംഗിച്ചു. ആനിമൽ ഹെൽത്ത് കാർഡിന്റെ വിതരണവും ചടങ്ങിൽ ആരംഭിച്ചു. 21 ദിവസം നീളുന്ന പദ്ധതിയിൽ ഓരോ തദ്ദേശ സ്വയംഭരണതലത്തിലുംയോജ്യമായ രീതിയിൽ പ്രാദേശിക നിർവ്വഹണ സമിതിയുടെ തീരുമാന പ്രകാരം വീടുവീടാന്തരം വാക്‌സിനേഷൻ നടത്തി 100ശതമാനം മൃഗങ്ങളെയും പ്രതിരോധ സജ്ജരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഒരു ലക്ഷത്തിൽ പരം പശുക്കളെയും എരുമകളെയുമാണ് സൗജന്യമായി കുത്തിവെപ്പിന് വിധേയമാക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.