ഇടുക്കി: ഇതുവരെ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് പോലും സ്വീകരിക്കാത്തവരുണ്ടോ. നിങ്ങൾക്കുള്ള അവസാന അവസരമാണ് ഈ മാസം 12. ആരോഗ്യവകുപ്പ് കൊവിഡ് വാക്‌സിനേഷൻ മോപ്പ്അപ് ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഒക്ടോബർ 12. ഇനിയും ഒരു ഡോസ് പോലും എടുക്കാത്തവർ ഉണ്ടെങ്കിൽ ഈ ദിവസത്തിനകം വാക്‌സിൻ സ്വീകരിക്കണം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, കൂടാതെ വാക്‌സിൻ സ്വീകരിക്കാൻ വിമുഖതയുള്ളവർ എന്നിവരാണ് ഇനി വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഇവർക്ക് ഈ മാസം 12 നുള്ളിൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ്തലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യാതെ തന്നെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കാം. അലർജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനുള്ള സൗകര്യം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
'വാക്‌സിൻ സ്വീകരിക്കാത്തവരിൽ കൊവിഡ് രോഗബാധയുണ്ടായാൽ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാനും, ജില്ലയെ കൊവിഡിൽ നിന്ന് വിമുക്തമാക്കാനും മുഴുവൻ ജനങ്ങളും സഹകരിക്കണം"
-മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ
ആദ്യ ഡോസെടുത്തവർ- 8,46,758
ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിലുള്ള 8,46,758 പേരാണ്ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചത്. 3,96,546 പേർ രണ്ടാം ഡോസും സ്വീകരിച്ചു.