തൊടുപുഴ: മയക്കുമരുന്ന് ലോബിയുടെ ഹബായി തൊടുപുഴയുൾപ്പെടുന്ന ലോറേഞ്ച് മാറുന്നു. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് തിങ്കളാഴ്ച രാത്രി ഇടുക്കിയിൽ നടന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്ന് 43 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ ഡ്രൈവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. പഴയ കഞ്ചാവ് കേസുകളിൽ പിടിയിലായവരുടെയും ഇവരുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ ഇന്റലിജൻസിന്റെ സഹായത്തോടെ ശേഖരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരാഴ്ച മുമ്പ് തൊടുപുഴ മേഖലയിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. ലഹരിക്കടത്തിനൊപ്പം കൂടുതൽ പണവും വാഹനമടക്കമുള്ള സൗകര്യങ്ങളും ലഭിക്കുന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ചിലർ മാഫിയയുടെ കണ്ണികളായി മാറുന്നു. വാഹനത്തിൽ കടത്തുന്നതിനിടെയാണ് കൂടുതലും പിടിയിലാകുന്നത്. പിടിയിലാകുന്നവരിലേറെയും ഇടനിലക്കാരാകും. തുടർ അന്വേഷണങ്ങളിലും പ്രധാന കണ്ണികൾ പിടിയിലാകാറുമില്ല. ലോക്ഡൗൺ മാറി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ കൂടുതൽ ഓടിത്തുടങ്ങിയതോടെ കഞ്ചാവിന്റെ വരവു കൂടിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്. അന്തർസംസ്ഥാന ഗതാഗതം പുനരാരംഭിച്ചതും കഞ്ചാവ് കടത്തുകാർക്ക് സഹായകരമായിട്ടുണ്ട്.
കഞ്ചാവ് @ ഓൺലൈൻ
ഓൺലൈൻ വഴിയുള്ള ഇടപാടുകളാണ് കഞ്ചാവ് മാഫിയയും ഇപ്പോൾ കൂടുതലും നടത്തുന്നത്. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ തുക കൈമാറിയശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. പണം മുൻകൂർ അടച്ച ആവശ്യക്കാരൻ നേരിട്ട് പോയി ഇവ എടുക്കും.
മുന്നൂറിലേറെ കേസുകൾ
ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ ജില്ലയിൽ എക്‌സൈസ് സംഘം പിടികൂടിയത് 307 കഞ്ചാവു കേസുകളാണ്. ഇതിൽ 337 പേരോളം പിടിയിലായി. 87.94 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി, ഹഷീഷ് ഓയിൽ എന്നിവയും പിടികൂടിയിട്ടുണ്ട്. തൊടുപുഴ, രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം, കുമളി , അടിമാലി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ കടത്ത് വ്യാപകമാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.