മൂലമറ്റം: വാഗമൺ റൂട്ടിലെ അപകടങ്ങൾ ഇല്ലാതാക്കി സുരക്ഷിത യാത്ര ഒരുക്കുന്നതിന് വേണ്ടി പദ്ധതി തയ്യാറാകുന്നു.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഏകോപനത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അറക്കുളം,കുടയത്തൂർ പഞ്ചായത്തുകൾ, പൊതുമരാമത്ത്,പൊലീസ്, കെ എസ് ഇ ബി, വാഗമൺ റിസോർട്ട് അസോസിയേഷൻ, ടീ എസ്റ്റേറ്റുകൾ, മറ്റ് വിവിധ വകുപ്പുകൾ,സാമൂഹ്യ -സംസ്ക്കാരിക -രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് കൂവപ്പള്ളിയിൽ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജ്ജുദ്ദീൻ നിർവഹിക്കും. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്,കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നസീർ പിഎ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശൈലേന്ദ്രൻ, വാഗമൺ റിസോർട്ട്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സജി തോമസ് എന്നിവർ നേതൃത്വം നൽകും.
ലക്ഷ്യം........
പാതയോരങ്ങളിലെ കാഴ്ച്ച മറക്കുന്ന വള്ളിപ്പടർപ്പുകളും മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റുക, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, വഴി വിളക്കുകൾ പൂർണ്ണമായും പ്രകാശിപ്പിക്കുക, യാത്രക്ക് തടസമായിട്ടുള്ള വൈദ്യുതി പോസ്റ്റുകൾ - ടെലഫോൺ പോസ്റ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കുക, റോഡും പരിസരവും മാലിന്യ മുക്തമാക്കുക, സീബ്രാ ലൈനുകൾ, സൂചന ബോർഡുകൾ സ്ഥാപിക്കൽ
"തൊടുപുഴ - മുട്ടം റൂട്ടിലെ അപകടങ്ങൾ കുറക്കുന്നതിന് വേണ്ടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് മറ്റ് ഡിപ്പാർട്മെന്റ് മെന്റുകൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ വഴിക്കണ്ണ് പദ്ധതിയുടെ മാതൃകയിലാണ് വാഗമൺ റൂട്ടിലും ഇത് നടപ്പിലാക്കുന്നത് "
നസീർ പി എ,
എൻഫോഴ്സ്മെന്റ് ആർ ടി ഒ,
ഇടുക്കി