മൂലമറ്റം: ദുർഗന്ധം വമിക്കുന്നതും പുഴുക്കളുള്ളതുമായ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടിൽ കെട്ടി വ്യാപകമായി തള്ളുന്നത് നാച്ചാറിന്റെ തീരത്തേക്ക്. മൂലമറ്റം ടൗണിൽ ബിവറേജിന്റെ ഔട്ട് ലെറ്റിന് സമീപത്തൂടെ ഒഴുകുന്ന നാച്ചാർ പുഴയുടെ തീരത്താണ് മാലിന്യങ്ങൾ തള്ളുന്നത്. പ്രദേശത്തുള്ള ചില കച്ചവട സ്ഥാപന നടത്തിപ്പുകാരാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് പറയപ്പെടുന്നു. പഴം,പച്ചക്കറി,ബേക്കറി, ഹോട്ടൽ,റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് കൂടുതലായും തള്ളുന്നത്. മഴ പെയ്യുമ്പോൾ ഇതെല്ലാം നാച്ചാറിലേക്കാണ് ഒഴുകി എത്തുന്നതും.അറക്കുളം, കുടയത്തൂർ,മുട്ടം, കരിങ്കുന്നം എന്നിങ്ങനെ വിവിധ പഞ്ചായത്തുകൾ, തൊടുപുഴ നഗരസഭ എന്നിവിടങ്ങളിലേക്ക് കുടി വെള്ളം എത്തിക്കുന്നത് നാച്ചാർ ഉൾപ്പെടുന്ന തൊടുപുഴ ആറ്റിൽ നിന്നുമാണ്.ഹില്ലിഅക്വാ കുടി വെള്ള പ്ലാന്റിലേക്കും ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്.പുഴയുടെ തീരത്ത് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി അടിയന്തര നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് അധികൃതർ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.