തൊടുപുഴ: വണ്ടിപ്പെരിയാറിൽ എൻ.സി.സി ട്രെയിനിങ് സെന്ററിനോടനുബന്ധിച്ച് നിർമ്മാണത്തിലിരിക്കുന്ന എയർ സ്ട്രിപ്പ് പ്രോജക്ടിന് വനം വകുപ്പ് അനുമതി നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പദ്ധതിക്കായി 25 ഏക്കർ സ്ഥലമാണ് എൻ.സി.സി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ 12 ഏക്കർ സ്ഥലം മാത്രമാണ് വനം വകുപ്പ് വിട്ട് നൽകിയിട്ടുള്ളത്. 13 ഏക്കർ സ്ഥലം കൂടി ലഭിച്ചാലെ എയർ സ്ട്രിപ്പ് നിർമ്മാണം, അപ്റോച്ച് റോഡ് മറ്റ് അനുബന്ധ സജീകരണങ്ങൾ എന്നിവ പൂർത്തിയാക്കാൻ കഴിയൂ. ആവശ്യമായ സ്ഥലം വിട്ട് നൽകാൻ വനം വകുപ്പ് അനുമതി നിരസിച്ച പശ്ചാത്തലത്തിൽ ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് കത്ത് നൽകി. വർഷം തോറും 1000 എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി പറക്കൽ പരിശീനം നടത്താൻ കഴിയുന്ന ഈ സ്ഥാപനം നിർദ്ദിഷ്ട രീതിയിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയിലെ കേഡറ്റുകൾക്ക് പൂർണമായും പ്രയോജനപ്രദമാകൂവെന്ന് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.