മൂലമറ്റം: ചിത്രത്തിൽ കാണുന്നത് പോലെ മഞ്ഞ് പുതഞ്ഞ അതിമനോഹരമായ താഴ്‌വാരത്തിന്റെ വിദൂര കാഴ്ച,​ ഒപ്പം നൂൽ മഴയും കോടമഞ്ഞും കൂടിയുണ്ടെങ്കിൽ സൂപ്പർ. പറഞ്ഞുവരുന്നത് വാഗമണ്ണിനെ പോലും വെല്ലുന്ന ഇലവീഴാപൂഞ്ചിറയിലെ കാഴ്ചകളെക്കുറിച്ചാണ്. അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടേക്ക് ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കാഞ്ഞാറിൽ നിന്ന് കൂവപ്പള്ളി- ചക്കിക്കാവ് റൂട്ടിൽ പൂഞ്ചിറയിലെത്താം. പക്ഷേ,​ ഇവിടേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ കാഴ്ചയുടെ മനോഹാരിതയെല്ലാം മായും. ടാറും മിറ്റലും ഇളകി ഗർത്തങ്ങൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ സസാഹസികമാണ്. ഇവിടേക്കുള്ള റോഡ് ഈ അവസ്ഥയിലായിട്ട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. ഇത് സംബന്ധിച്ച് വിവിധ കാലങ്ങളിലുള്ള മന്ത്രിമാർ, എം.എൽ.എ, എം.പി എന്നിവർക്ക് പ്രദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും എല്ലാം അവഗണിക്കപ്പെട്ടു. കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിലേക്കുള്ള പ്രധാന റോഡിന്റെ നിർമാണ പ്രവർത്തികകളും സ്തംഭനാവസ്ഥയിലാണ്. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതെങ്കിലും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. നിലവിൽ കാഞ്ഞാറിൽ നിന്ന് ചക്കികാവ് വരെ മാത്രമാണ് റോഡ് സൗകര്യമുള്ളത്. അതിനപ്പുറം ഒരു കിലോമീറ്ററോളം ദൂരത്തിൽ സോളിംഗ് മാത്രമാണുള്ളത്. ജീപ്പും ബൈക്കുമല്ലാതെ മറ്റ് വാഹനങ്ങൾ ഇതിലൂടെ കടന്ന് വരില്ല. പ്രദേശവാസികൾക്ക് ട്രിപ്പ് ജീപ്പുകൾ മാത്രമാണ് ആശ്രയം.

മറ്റ് സൗകര്യങ്ങളും കുറവ്

റോഡിന്റെ ഇരു വശങ്ങളിലേക്കും കാടും വള്ളിപ്പടർപ്പുകളും വളർന്നത് വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. സൂചനാ ബോർഡുകളും ഇല്ല. മിക്കയിടങ്ങളിലും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കുമിഞ്ഞു കൂടിയത് കാണാം. രാത്രി കാലങ്ങളിൽ വഴി വിളക്കുകൾ മിക്കതും പ്രകാശിക്കുന്നുമില്ല. അമിത വേഗതയിലുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസോ മോട്ടോർ വാഹന വകുപ്പോ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നുമില്ല.