മൂലമറ്റം: അറക്കുളം പഞ്ചായത്തിൽപെട്ട ആഡിറ്റ് ഭാഗം, അഞ്ചാനി മല, കണ്ണിക്കൽ, ഇലപ്പള്ളി, എടാട്, ആശ്രമം ഭാഗം, കുളമാവ് എന്നീ സ്ഥലങ്ങളിൽ കാട്ടുപന്നി, കുരങ്ങ്, കുറുക്കൻ, മുള്ളൻപന്നി, തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അറക്കുളം കർഷക യൂണിയന്റെ (എം) നേതൃത്തിൽ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ആഫീസർക്ക് നിവേദനം നൽകി. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ തടയുന്നതിനും നഷ്ടം വരുന്ന വിളകൾക്ക് കർഷകന് തക്കതായ നഷ്ട പരിഹാരം നൽകണമെന്നും വന്യമൃഗങ്ങൾ മൂലം സംഭവിക്കുന്ന അപകടങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. കർഷകരുടെ വിളകൾ നശിപ്പിക്കുന കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള നിയമനിർമ്മാണം നടത്തിയ മുഖ്യമന്ത്രിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിയമ ഭേദഗതി വരുത്തണമെന്നും ആക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാനും കെണിയിൽപ്പെടുത്താനും വനം വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നേതാക്കൾ പറഞ്ഞു. കർഷക യൂണിയൻ (എം) മണ്ഡലം പ്രസിഡൻ്റ് സിബി മാളിയേക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടോമി നാട്ടുനിലം, സംസ്ഥാന കമ്മിറ്റി അംഗം ടോം ജോസ് കുന്നേൽ, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് മാത്യൂസ് കുളത്തിനാൽ, ജില്ലാ കമ്മറ്റി മെമ്പർ സാജു കുന്നേമുറി, ജോസ് ഇടക്കര, ജിജോ കാരയ്ക്കാട്ട്, ക്രിസ്റ്റിൻ കൊറ്റനാൽ, ഐസക് കുളത്തിനാൽ, അജിത് ചെറുവള്ളാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.