ഇടുക്കി: ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി കൊണ്ടിരിക്കുന്ന വാഗമണ്ണിലേക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി വിവിധ വകുപ്പുകളും നാട്ടുകാരും കൈകോർത്തു. തൊടുപുഴയിൽ നിന്നുള്ള കാഞ്ഞാർ- പുള്ളിക്കാനം വാഗമൺ റോഡിലും മൂലമറ്റം പുള്ളിക്കാനം വാഗമൺ റോഡിലുമായി ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. അവധി ദിവസങ്ങളിൽ വാഹനങ്ങളുടെയും യാത്രികരുടെയും എണ്ണം ആയിരത്തോടടുക്കും. വീതി കുറവും കാട്ടുചെടികൾ എതിർ ദിശയിലെ കാഴ്ച മറയ്ക്കുക്കുന്നതും മൂലം ഇതുവഴിയുള്ള യാത്ര മിക്കപ്പോഴും ദുർഘടമാകുന്നതായി പരാതി ഉയർന്നിരുന്നു. വീതി കുറവുള്ള റോഡിൽ ഇരു ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിനും പലപ്പോഴും സാധിക്കാറില്ല. ഇതേ തുടർന്നാണ് വിവിധ വകുപ്പുകൾ യോജിച്ച് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടിയിട്ടുള്ള അടിയന്തര പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഏകോപനത്തിലും ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിലുമായിരുന്നു സുഗമ പാതയൊരുക്കൽ. ഇതിനായി പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, വാഗമൺ റിസോർട്ട് അസോസിയേഷൻ, ടീ എസ്റ്റേറ്റുകൾ, ഗ്രാമ പഞ്ചായത്ത്, മറ്റ് വകുപ്പുകളും നാട്ടുകാരും ഒരുമിച്ചു. ആദ്യഘട്ടം എന്ന നിലയിൽ കാഞ്ഞാർ മുതൽ പുള്ളിക്കാനം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ചു. റോഡിലേയും വശങ്ങളിലേയും കുഴികൾ മണ്ണിട്ട് നികത്തി. വൈദ്യുതി തൂൺ ഉൾപ്പെടെയുള്ളവ ഉണ്ടാക്കുന്ന തടസങ്ങൾ നീക്കുന്നതിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ശ്രമം തുടങ്ങി. ആദ്യഘട്ടം വാഗമൺ വരെയുള്ള പാതയാണ് സുഗമമാക്കുന്നത്. രണ്ടാം ഘട്ടമെന്ന നിലയിൽ വരും ദിവസങ്ങളിൽ പുള്ളിക്കാനം മുതൽ മൂലമറ്റം വരെയുള്ള റോഡിലെ തടസങ്ങളും നീക്കം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് കാഞ്ഞാർ പുള്ളിക്കാനം റോഡിലെ കൂവപ്പള്ളിയിൽ തുടക്കമായി. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ. സിറാജുദീൻ ഉദ്ഘാടനം നിർവഹിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അദ്ധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ആർ.ടി.ഒ നസീർ പി.എ, അറക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ശൈലേന്ദ്രൻ, വാഗമൺ റിസോർട്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സജി തോമസ് എന്നിവരും പ്രദേശവാസികളും നേതൃത്വം നൽകി.