കുടയത്തൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മുട്ടം പള്ളിക്കവല പ്ലാത്തോട്ടത്തിൽ ജോസഫ് സിറിയക്കിനാണ് (23) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ശരംകുത്തി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ നിറുത്താതെ പോയി. പരിക്കേറ്റ ജോസഫ് സിറിയക്കിനെ ആശുപത്രിയിലേക്ക് മാറ്റി. നിറുത്താതെ പോയ കാറിനെക്കുറിച്ച് കാഞ്ഞാർ പൊലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞാർ എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൂന്നാഴ്ച മുമ്പ് കുടയത്തൂർ തെങ്ങുംപിള്ളി കവലയ്ക്ക് സമീപം എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ച് തേൻമാരി സ്വദേശി പ്രവീണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിലും നിറുത്താതെ പോയ കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.