തൊടുപുഴ: ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള മരവെട്ടിച്ചുവട് പാലത്തിൽ വെള്ളപ്പാച്ചിലിൽ വൻ മാലിന്യ ശേഖരമടിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് നീക്കാൻ നടപടിയില്ല. പഞ്ചായത്തിലെ മൂന്നാർ വാർഡിൽപ്പെട്ട മേഖലയാണിത്. മരവെട്ടിച്ചുവട്ടിൽ നിന്ന് ഇടവെട്ടിച്ചിറപ്പടിയിലേക്ക് പോകുന്ന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്നാണ് പ്ലാസ്ലിക്ക് അടക്കമുള്ള മാലിന്യം ഒഴുകിയെത്തിയത്. ഇവ തടഞ്ഞ് പാലത്തിന്റെ ഒരു ഭാഗത്ത് വെള്ളമൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്. പാലത്തിന് മുകളിലും വശങ്ങളിലുമെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളടക്കം ചിതറി കിടപ്പുണ്ട്. മരവെട്ടിച്ചുവട് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഏതാനം വർഷങ്ങളായി നാട്ടുകാർ പുതിയ പാലം പണിയണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ചെറിയ മഴയിൽ പോലും വെള്ളത്തിൽ മുങ്ങുന്ന പാലത്തിന് 3.5 മീറ്റർ വീതിയും എട്ട് മീറ്ററോളം നീളവുമാണുള്ളത്. 2018ലെ പ്രളയക്കാലത്ത് ഇതിന് സമീപത്തെ കലുങ്കിന് വിള്ളൽ വീണിരുന്നു. പിന്നാലെ സമീപത്ത് വീട് നിർമാണത്തിനായി റോഡ് വെട്ടിയതോടെ ഇവിടെ നിന്നുള്ള ചെളി ഒഴുകിയെത്തി പാലത്തിലെ ഗതാഗതം നിരവധി തവണ താറുമാറായിരുന്നു. എന്നാൽ ഈ വിഷയങ്ങളിലൊന്നും ഇടപെടാനും ഗതാഗതം സുഗമമാക്കാനും അധികൃതർ തയ്യാറായില്ല. നാട്ടുകാരാണ് പലപ്പോഴും ചെളി കോരി നീക്കുന്നത്. പാലത്തിന്റെ ഇരുവശത്തും കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചതിനാൽ ഇതിൽ തട്ടി ചെളിയും മാലിന്യവും നിൽക്കുന്നതാണ് പ്രധാന പ്രശ്നം. പുതിയ പാലം പണിക്കായി എം.പി, എം.എൽ.എ എന്നിവരെ വാർഡ് മെമ്പർ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മടക്കിയിരുന്നു. അഞ്ച് അടിയെങ്കിലും ഉയർത്തി പുതിയ പാലം സ്ഥലത്ത് നിർമിച്ചെങ്കിൽ മാത്രമേ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.