ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
സിൽവർ ലൈൻ പദ്ധതി മോഡലിൽ നടത്തണം
തൊടുപുഴ: അങ്കമാലി- ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയിൽവേമന്ത്രി വി. അബ്ദുൽ റഹ്മാനും നൽകി. കിഫ്ബിയിൽ നിന്ന് പദ്ധതിക്കായി അനുവദിച്ച 2000 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് ശബരി റെയിൽവേ സ്ഥലമെടുപ്പിന് കല്ലിട്ട് തിരിച്ച ഒന്നാം റീച്ചിലെ അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ സ്ഥലമെടുപ്പ് സിൽവർ ലൈൻ പദ്ധതി മോഡലിൽ വേഗത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. സിൽവർ ലൈൻ പദ്ധതി പോലെ ശബരി റെയിൽ നിർമ്മാണത്തിനും കല്ലിട്ട് തിരിച്ച സ്ഥലങ്ങളിൽ സ്ഥലമെടുപ്പ് പുനരാരംഭിക്കാനും രാമപുരം സ്റ്റേഷൻ മുതൽ എരുമേലി സ്റ്റേഷൻ വരെയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കാനും അടിയന്തര നടപടിയെടുക്കാനും കെ.ആർ.ഡി.സി എല്ലിനോടും ഗതാഗതമന്ത്രാലയത്തോടും നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, ആന്റണി ജോൺ, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കളത്തുങ്കൽ, ശബരി റെയിൽ ആക്ഷൻ കൗൺസിൽ കൺവീനർ മുൻ എം.എൽ.എ ബാബു പോൾ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ, ആക്ഷൻ കൗൺസിൽ സെക്രട്ടറി ജിജോ ജെ. പനച്ചിനാനി, മലയോര വികസന സമിതി സെക്രട്ടറി അജി ബി. റാന്നി എന്നിവർ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്.