road

മൂന്ന് ജില്ലകളിലായി ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട എം.വി.ഐ.പി കനാലുകൾ ഇന്ന് വെറും കാടുപിടിച്ച അഴുക്കുചാലുകൾ മാത്രമായി മാറി. ആയിരത്തിലേറെ കോടി രൂപയുടെ നികുതിപണം വെള്ളത്തിലായതെങ്ങനെ. ഇന്ന് മുതൽ ആരംഭിക്കുന്നു, കേരളകൗമുദി അന്വേഷണ പരമ്പര 'എം.വി.ഐ.പി കനാലെന്ന വെള്ളാന"

ഏതെങ്കിലും ജലസ്രോതസുകളിൽ നിന്ന് കൃഷിക്ക് ഉപയുക്തമായ സ്ഥലങ്ങളിലേക്ക് നിയന്ത്രിത ക്രമത്തിൽ വെള്ളം എത്തിക്കുന്നതിനാണ് ജലസേചന കനാലുകൾ നിർമിക്കുന്നത്. പ്രാചീന ബാബിലോണിയ രാജ്യത്ത് മുതൽ ജലസേചനാർത്ഥം മനുഷ്യർ കനാലുകൾ ഉപയോഗിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ഇന്ത്യയിലും കൃത്രിമ തോടുകളുണ്ടായിരുന്നു.

അത്തരത്തിൽ മൂന്നര പതിറ്റാണ്ട് മുമ്പ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രാന്ത പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആരംഭിച്ച കനാൽ ശൃംഖലയാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട്- എം.വി.ഐ.പി). 1087.78 കോടി രൂപ പൊതുഖജനാവിൽ നിന്ന് മുടക്കി പൂർത്തിയാക്കിയ പദ്ധതി ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു വെള്ളാനയായി മാറി. ലക്ഷങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതി അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇതറിയാൻ കൂടുതൽ അന്വേഷണമൊന്നും നടത്തേണ്ട. കനാലിന് ഓരത്തുകൂടി കൂടി ഒന്ന് സഞ്ചരിച്ചാൽ മാത്രം മതി. വാഹനമേതായാലും നടുവുളുക്കാതെ വീട്ടിലെത്താനാകില്ല.

കനാലല്ല,​ ആളെ കൊല്ലാനാ

ജില്ലയിലെ മുട്ടം, ഇടവെട്ടി, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലൂടെയും തൊടുപുഴ നഗരസഭയിലൂടെയും കടന്നുപോകുന്ന കനാൽ ബണ്ട് റോഡുകൾ ഏതാണ്ട് 40 വർഷത്തിനു മുമ്പ് പദ്ധതിയുടെ പണി ആരംഭിച്ച കാലഘട്ടം മുതൽ ഈ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ യാത്രയ്ക്കായി ഉപയോഗിച്ചു വരുന്നതാണ്. എന്നാൽ വർഷങ്ങളായി അറ്റകുറ്റപണി നടത്താതെ റോഡ് തകർന്ന് തരിപ്പണമായി മാറി. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും കനാലും തിരിച്ചറിയാൻ പറ്റില്ല. ഇരുചക്രവാഹനങ്ങളിലും മറ്റും വരുന്നവർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. വാഹനവുമായി കനാലിൽ പോയവരും കുറവല്ല. ചില സ്ഥലങ്ങളിൽ കാൽനട പോലും അസാധ്യമാണ്. പദ്ധതി തുടങ്ങുമ്പോഴുള്ള സ്ഥിതിയല്ല,​ നേരത്തെയുണ്ടായിരുന്നതിന്റെ രണ്ടിരട്ടിയായി കനാൽ പരിസരങ്ങളിൽ ജീവിക്കുന്നവർ. ഇവർ നിത്യേന ഉപയോഗിക്കുന്ന പാതയാണിത്. ഗർഭിണികളെയോ വൃദ്ധരെയോ രോഗികളെയോ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഇവർക്ക് ഈ വാരിക്കുഴികൾ നിറഞ്ഞ റോഡല്ലാതെ വേറെ മാർഗമില്ല. 2012- 13 കാലഘട്ടത്തിൽ പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരിക്കെയാണ് അവസാനമായി റോഡ് അറ്റകുറ്റപണി നടത്തിയത്. അതിന് ശേഷം എം.വി.ഐ.പി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഫണ്ടില്ലെന്നാണ് ന്യായം. വർഷാവർഷം പ്രോജക്ടിന് ലഭിക്കുന്ന ആനുവൽ മെയിന്റനൻസ് ഫണ്ട് ജനങ്ങൾക്ക് ഉപകാരമില്ലാത്ത വിധം ദീർഘവീക്ഷണമില്ലാതെ ചെലവഴിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എം.വി.ഐ.പിയുടെ സ്ഥലമായതിനാൽ പി.ഡബ്ല്യു.ഡിക്കോ തദ്ദേശസ്ഥാപനങ്ങൾക്കോ അറ്റകുറ്റപണി ചെയ്യാനുമാകില്ല. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ അപേക്ഷിച്ചാൽ റോഡ് പണിക്ക് അനുമതി നൽകുമെന്നാണ് എം.വി.ഐ.പി അധികൃതർ പറയുന്നത്. മുമ്പ് ഇടവെട്ടി പഞ്ചായത്ത് ഇത്തരത്തിൽ റോഡ് ടാർ ചെയ്തതാണ് ഇവർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ഭാരവണ്ടിക്ക് നിയന്ത്രണമില്ല

കനാൽ റോഡിലൂടെ അമിതഭാരത്തിലുള്ള ലോറികളും ട്രക്കുകളും കടന്നുപോകുന്നതിന് വിലക്കുണ്ട്. കാരണം ബണ്ട് റോഡായതിനാൽ ഒരു പരിധിയിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോയാൽ റോഡ് തകരും. ഇതിന്റെ ഭാഗമായി നേരത്തെ കനാൽ റോഡിൽ പലഭാഗത്തും വലിയ വാഹനങ്ങൾ കടക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസും ഫയർഫോഴ്സും കടന്നു പോകുന്നതിന് ഇത് തടസമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ തന്നെ ഇത് പലയിടത്തും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ പഇതുവഴി ഭാരവണ്ടി നിർബാധം ഓടാൻ തുടങ്ങി. റോഡ് തകരാൻ ഇതും പ്രധാന കാരണമാണ്.

'പെരിയാമ്പ്ര അക്വഡേറ്റിന്റെ ഭാഗം മുതൽ അരിക്കുഴ,​ പാറക്കടവ്,​ പണ്ടപ്പള്ളി ഭാഗത്തേക്ക് റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പതിറ്രാണ്ടുകളായി ഈ ഭാഗത്തെ റോഡ് അറ്റകുറ്റപണി ചെയ്തിട്ട്. അധികൃതരോട് പറഞ്ഞ് മടുത്തു."

-കെ.എ. ജോർജ്

കുളങ്ങരതൊട്ടിയിൽ
പെരിയാമ്പ്ര