കുമളി: തേനി- ദിണ്ടിഗൽ റെയിൽപാത ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന ആവശ്യം ശക്തം. തേനി റെയിൽവേ സമരസമിതിയുടെ നേതൃത്വത്തിൽ വളരെക്കാലം നീണ്ട സമരങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായിട്ടാണ് മധുരയിൽ നിന്ന് ബോഡി വരെ മീറ്റർഗേജ് റെയിൽ പാളം മാറ്റി ബ്രോഡ് ഗേജാക്കി മാറ്റിയത്. ബോഡിയിൽ നിന്ന് 40 കിലോമീറ്റർ മാത്രമാണ് ലോവർ ക്യാമ്പ് വരെ ദൂരമുള്ളതെന്നതും നിരപ്പായ സ്ഥലം ഏറ്റെടുക്കുന്നതിന് തടസങ്ങൾ ഒന്നും തന്നെയില്ലെന്നതും അനുകൂല ഘടകമാണ്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിക്ക് വരുന്നവർക്കും കുമളി വഴി ശബരിമലയിലേക്ക് പോകുന്നവർക്കും റെയിൽപാത നീട്ടുന്നത് ഗുണം ചെയ്യും. കേരളത്തിനും തമിഴ്‌നാടിനും ഒരു പോലെ ഗുണകരമാകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത് വരെ തേനി റെയിൽവേ സമരസമിതിയുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് മജോ കാരിമുട്ടം, കുമളി യൂണിറ്റ് പ്രസിഡന്റ് ഷിബു എം. തോമസ്, തേക്കടി ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റി കോ- ഓർഡിനേറ്റർ എ. മുഹമ്മദ് ഷാജി എന്നിവർ അറിയിച്ചു. ഇതോടനുബന്ധിച്ച് തേനി കാമരാജ്ഭവനിൽ ആലോചന യോഗവും ചേർന്നു.
നേട്ടം ഏറെ
ചെന്നൈ, ബ്ലാംഗ്ലൂർ, കോയമ്പത്തൂർ, സേലം, തുടങ്ങിയ സ്ഥലങ്ങളിൽ പഠനാവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും മറ്റും പോകുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ശബരിമലയുടെ ഇടത്താവളമായ കുമളിയുടെ സമഗ്രമായ പുരോഗതിക്കും തുടക്കംകുറിക്കും.