തൊടുപുഴ: തൊടുപുഴയുടെ സ്വന്തം വെള്ളച്ചാട്ടമായിട്ടും അതിമനോഹരിയായ അരുവിക്കുത്തിനോട് ഇവിടത്തുകാർക്ക് വേണ്ട മമതയില്ല. നാട്ടുകാരുടെയും അധികൃതരുടെയും അവഗണന കാരണം മാലിന്യകൂമ്പാരമായി ഈ കൊച്ചുടൂറിസ്റ്റ് കേന്ദ്രം മാറി. തൊടുപുഴയിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ ദൂരെ മലങ്കരയിൽ പ്രകൃതിയൊരുക്കിയ ഈ മനോഹര ദൃശ്യം കാണാൻ ദിവസവും നൂറുകണക്കിന് പേരാണ് ഇവിടെയെത്തുന്നത്. മലങ്കര റബ്ബർ ഫാക്ടറിക്ക് അടുത്ത് നിന്ന് വലത് തിരിഞ്ഞ് കനാൽ റോഡിലൂടെ പോയാൽ അരക്കിലോമീറ്റർ പോലുമില്ല അരുവിക്കുത്തിലെത്താൻ. എന്നാൽ വിനോദസഞ്ചാരമെന്ന പേരിൽ മദ്യപിക്കാനുള്ള ഇടമാക്കി ഇവിടം ചിലർ മാറ്റി. മദ്യപിച്ചശേഷം തള്ളുന്ന കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് വെള്ളച്ചാട്ടത്തിലും പരിസരപ്രദേശങ്ങളിലും നിറയെ. നാളിതുവരെയായിട്ടും ഒരു സുരക്ഷാ വേലിയോ ബോർഡോ സ്ഥാപിക്കാൻ ആരും തയ്യാറായിട്ടില്ല. മഴക്കാലത്ത് തെന്നിതെറിച്ച് കിടക്കുന്ന പാറയും കുത്തിയൊഴുകുന്ന വെള്ളത്തിലും സഞ്ചാരികൾ അപകടത്തിൽപ്പെടാനിടയുണ്ട്. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നതും വലിയ അപകടത്തിനിടയാക്കും. മഴക്കാലമെത്തിയാൽ അതിമനോഹരിയായി മാറും അരുവിക്കുത്ത്. സുരക്ഷാ സംവിധാനങ്ങളൊന്നുമൊരുക്കാത്തതിനാൽ ഇവിടേക്ക് അധികം ഇറങ്ങിച്ചെല്ലുന്നത് സുരക്ഷിതമാകില്ല. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് അരുവിക്കുത്തിനെക്കുറിച്ച് കേട്ടറിഞ്ഞ് പലരുമെത്തി തുടങ്ങിയത്.
ഇഷ്ടലൊക്കേഷൻ
രസതത്രം, വെറുതെ ഒരു ഭാര്യ, വെള്ളിമൂങ്ങ, വജ്രം എന്നീ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കല്യാണ വീഡിയോ, ആൽബം എന്നിവ ചിത്രീകരിക്കാനും ഇവിടെ ആളുകൾ വരാറുണ്ട്.
നയനമനോഹര കാഴ്ച
ഇല്ല്‌ചാരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറു അരുവിയാണ് മലങ്കരയിലെത്തുമ്പോൾ സുന്ദരിയായ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിന് അധികം ഉയരമില്ലെങ്കിലും പാറയുടെ മടിത്തട്ടിലൂടെ നുരഞ്ഞൊഴുകുന്ന പാലരുവി നയനമനോഹര കാഴ്ചയാണ്. സമീപത്തെ പാലത്തിൽ നിന്ന് കൺനിറയെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം.
വിചാരിച്ചാൽ ഇഷ്ടകേന്ദ്രമാക്കാം
മലങ്കര ടൂറിസം ഹബിനൊപ്പം ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം മുട്ടം പഞ്ചായത്തിലും മറ്റൊന്ന് കരിങ്കുന്നത്തുമാണ്. ഇരുകൂട്ടരും ഒത്തുചേർന്ന് ഇവിടേക്കുള്ള റോഡ് ടാറ് ചെയ്ത് വേണ്ട സുരക്ഷാ സംവിധാനങ്ങളൊരുക്കി ചെറിയ ഒരു ഫീസ് വച്ചാൽ വരുമാനമാർഗമാകും.