കുമളി: ഏലത്തോട്ടത്തിൽ ജോലിക്കിടെ മരം വീണ് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പശുപതിയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ പത്തുമുറിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് എത്തിയ പശുപതി ഏലത്തോട്ടത്തിൽ കായ് എടുക്കുന്നതിനിടെ ഉണക്കമരം ദേഹത്ത് വീഴുകയായിരുന്നു. മരം ഒടിഞ്ഞ് വീഴുന്നത് കണ്ട് കൂടെയുള്ളവർക്കൊപ്പം ഓടി മാറിയെങ്കിലും പശുപതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.