തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയോഗിച്ച സ്റ്റാഫ് പാറ്റേൺ മുന്നറിയിപ്പില്ലാതെ പിൻവലിക്കുന്നത് പുന:പരിശോധിക്കണമെന്ന് ഡീൻ കുര്യാക്കോസ്എം. പി ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റിവിറ്റി കുറഞ്ഞെങ്കിലും മറ്റ് അസുഖങ്ങളും അസ്വസ്ഥതകളുമായി ജനങ്ങൾ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പെട്ടെന്ന് ജീവനക്കാരില്ലാതാകുന്ന സാഹചര്യം പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം.പി.പറഞ്ഞു. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.പി. പറഞ്ഞു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലുള്ള പി.എം കെയറിൽ നിന്നും ഫണ്ട് അനുവദിച്ച് സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. എം.പി. കഴിഞ്ഞ ജൂലായ് മാസത്തിൽ അനുവദിച്ച പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മിനിറ്റിൽ 1000 ലിറ്റർ കപ്പാസിറ്റിയുള്ള ഈ പ്ലാന്റിൽ നിന്നും നിർമ്മിക്കുന്ന ഓക്‌സിജൻ പൈപ്പ് ലൈൻ വഴി ഒരോ രോഗികളുടെയും ബെഡിലേക്കും എത്തിക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നത്. ഇതിന്റെ പൈപ്പ്ലൈൻ വർക്കിന് ഫണ്ട് അനുവദിച്ചിരിക്കുന്നത് എൻ.എച്ച്.എം. ആണ്.