വെള്ളിയാമറ്റം: ഇലക്ട്രോണിക്സ് വേസ്റ്റുകൾ എങ്ങനെ ഒഴിവാക്കാം എന്ന് വെള്ളിയാമറ്റംകാർ ആശങ്കപ്പെടേണ്ട, അവയൊക്കെ ശേഖരിക്കാൻ ഹരിതകർമ്മസേനയെത്തും. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമുള്ള പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനൊപ്പമാണ് ഇ-വേസ്റ്റുകളും ചാക്കിലാക്കുക. പഴയ ചെരിപ്പും കുപ്പിച്ചില്ലും മുതൽ ഇ-വേസ്റ്റുകൾ വരെയുള്ള പാഴ് വസ്തുക്കൾ ശേഖരിക്കാൻ വെള്ളിയാമറ്റം പഞ്ചായത്തിലെ ഹരിത കർമ്മസേന ഇറങ്ങിക്കഴിഞ്ഞു. പ്രവർത്തന കലണ്ടർ അടിസ്ഥാനത്തിൽ. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുകയാണ് . ഇതിന് മാലിന്യ ശേഖരണ കലണ്ടർ പഞ്ചായത്തിന്റെ സഹായത്തോടെ പുറത്തിറക്കി. ഓരോ മാസവും ശേഖരിക്കുന്ന മാലിന്യങ്ങൾ ഏതായിരിക്കുമെന്ന് കലണ്ടറിൽ രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറായിരത്തോളം വീടുകളിലും അഞ്ഞൂറോളം കടകളിലും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തന കലണ്ടർ സൗജന്യമായി എത്തിക്കും. വീടിന്റെയും സ്ഥാപനങ്ങളുടെയും വിലാസം, ഫോൺ നമ്പർ, സന്ദർശന ഡയറി എന്നിവ കലണ്ടറിലുണ്ട്. ഓരോ വാർഡിലും രണ്ട് ഹരിത കർമ്മസേന അംഗങ്ങൾക്കാണ് ചുമതല.
പഞ്ചായത്തിലാകെ 30 ഹരിത കർമ്മ സേനാംഗങ്ങൾ പ്രവർത്തിക്കും. സേവനത്തിന് വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് മാസം യൂസർ ഫീസായി ഈടാക്കുക. പഴയ ചെരുപ്പ്, ബാഗ്, തെർമ്മോക്കോൾ, മരുന്ന് സ്ട്രിപ്പ്, കണ്ണാടി, കുപ്പിച്ചില്ല്, ഇ-മാലിന്യം, തുണി മാലിന്യം തുടങ്ങിയവയാണ് ശേഖരിക്കുക.
പന്നിമറ്റത്ത് നടന്ന മാലിന്യ ശേഖരണ കലണ്ടർ വിതരണ ചടങ്ങ് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു കുട്ടപ്പൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലി ജോസി, പഞ്ചായത്തംഗങ്ങളായ കബീർ കാസിം, ഷെമീന അബ്ദുൾ കരിം, രേഖാ പുഷ്പരാജ്, രാജി ചന്ദ്രശേഖരൻ, രാജേഷ് ഷാജി, പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ.പി.എസ്, വിഇഒ ശരത്.എം, ഹരിത കർമ്മ സേന പ്രസിഡന്റ് ആൻസി മാത്യു, സെക്രട്ടറി സെലിൻ ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് പന്നിമറ്റം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തന കലണ്ടർ വിതരണം ചെയ്തു.