ഇടുക്കി : ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ നടത്തി വരുന്ന ചർച്ചയിലാണ് ഗോത്ര വർഗത്തിന്റെ വികസനം ലക്ഷ്യമാക്കി വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അനുവദിക്കുകയെന്ന നിർദേശം ഉണ്ടായത്. വിദ്യാലയങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ ഉന്നത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ, രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനായി കുടികൾ കേന്ദ്രീകരിച്ച് ആംബുലൻസ് സേവനം, വൈദ്യുതികരിക്കാത്ത കുടികളിൽ വൈദ്യുതിയെത്തിക്കുന്നുതിനുള്ള നടപടികൾ, ജില്ലയിൽ ഗോത്രവർഗ്ഗ സാംസ്‌കാരിക കേന്ദ്രം, കരകൗശല പരിശീലന കേന്ദ്രം, ന്യായവിലയിൽ വനവിഭവങ്ങൾ വിറ്റഴിക്കാനുള്ള പ്രത്യേക വിപണി, തേനിച്ച വളർത്തൽ, കാർഷിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങി ഗോത്രവർഗ്ഗ വികസനം ലക്ഷ്യം വച്ച് വിവിധ പദ്ധതികൾ ഇടുക്കി പാക്കേജിലെ കരട് രേഖയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, ജില്ലാ വികസന കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, ജില്ലാ പഞ്ചായത്തംഗം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.