മൂന്നാർ: വട്ടവട മേഖലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം 326 സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേരാൻ തീരുമാനിച്ചു. സി.പി.എം മറയൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വട്ടവട പഞ്ചായത്തിലെ കടവരി എ, ബി, ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ 31 പേരടക്കം 326 പാർട്ടി പ്രവർത്തകരാണ് സി.പി.ഐയിൽ ചേരുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ഭൂമിപ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കളടക്കമുള്ളവർ പാർട്ടി വിടുന്നത്. അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായുള്ള തർക്കം പരിഹരിച്ച് ജനങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ അനുമതി നൽകാത്തതിനെതിരെ നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിട്ടും മന്ത്രിമാരടക്കമുള്ളവർ വട്ടവടയിലെത്തി പരിശോധന നടത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഒരു മാസം മുമ്പ് വട്ടവടയിൽ സി. പി. എം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം പാർട്ടി പ്രവർത്തകർ ഉയർത്തിയിരുന്നു. എന്നാൽ മറുപടി നൽകിയ സെക്രട്ടറ്റയേറ്റംഗം, വട്ടവടയിൽ തർക്കമുന്നയിക്കുന്ന സ്ഥലങ്ങൾ കൈയേറ്റമാണെന്നും ഇക്കാര്യത്തിൽ സർക്കാറിന് അനുകൂല തീരുമാനമെടുക്കാനാകില്ലെന്നും അറിയിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. തമിഴ്‌നാട്ടിൽ നിന്നെത്തി കഴിഞ്ഞ 450 വർഷമായി വട്ടവടയിൽ താമസമാക്കിയ തങ്ങളെ കൈയ്യേറ്റക്കാരെന്ന് വിളിച്ചാക്ഷേപിച്ചെന്നാരോപിച്ചാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ പി. രാമരാജ് പറഞ്ഞു. പി. രാമരാജ് ഏരിയാ കമ്മിറ്റി സ്ഥാനം രാജി വച്ചിരുന്നു. 10 വർഷം വട്ടവട പഞ്ചായത്ത് പ്രസിഡന്റ്, ലോക്കൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 16ന് കോവിലൂരിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഇവർക്ക് പാർട്ടി അംഗത്വം വിതരണം ചെയ്യും.