കുമാരമംഗലം : കക്കൂസ് മാലിന്യംറോഡരികിൽ തള്ളിയ ആൾക്ക് 25000 രൂപ പിഴ ചുമത്തി കുമാരമംഗലം പഞ്ചായത്ത് .സമഗ്രമാലിന്യ പരിപാലനത്തിനായുള്ള ഹരിതനിയമവും പഞ്ചായത്തീരാജ് നിയമവും അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയത്. കെട്ടിടം നിർമ്മിച്ചു വാടകയ്ക്ക് നൽകുന്ന മൂവാറ്റുപുഴ സ്വദേശിയിൽ നിന്നാണ് പിഴ ഈടാക്കിയത്.പഞ്ചായത്തിന്റെ 10ാം വാർഡിലെ പാറ ജംഗ്ഷനിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥയിലുള്ള വീട്ടിൽ നിന്നും കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇയാൾക്ക്‌നോട്ടീസ് നൽകി. ഇവിടെ നിന്നും നീക്കിയ മാലിന്യമാണ് തൊട്ടടുത്ത വാർഡിൽ കൊണ്ടുപോയി നിക്ഷേപിച്ചത്. പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഷേർളിജോൺ, പഞ്ചായത്തംഗങ്ങളായ സുമേഷ് പാറച്ചാലിൽ, സുനിത എം.പി. എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടുടമയിൽ നിന്നും പിഴയീടാക്കിയത്.
പിഴ ചുമത്തിയതിനു പുറമേ മാലിന്യം അവിടെ നിന്നും നീക്കി സുരക്ഷിതമായി സംസ്‌കരിക്കാമെന്ന ഉറപ്പും നൽകിയാണ് വീട്ടുടമസ്ഥൻ മടങ്ങിയത്.പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.