തൊടുപുഴ: മതാധിഷ്ടിതമായ ഫാസിസമാണ് മോദി ഭരണകൂടം രാജ്യത്ത് അഴിച്ചുവിടുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. സിപിഐ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ തുളസീധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ജനാധിപത്യത്തോട് എന്നും പുച്ഛമാണ് മോദിസർക്കാരിനുള്ളത്.എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമായി പാസാക്കുകയും നടപ്പാക്കുകയും ചെയ്യുകയാണവർ. ഇതിന്റെ ഫലമായാണ് രാജ്യത്ത് കിരാതമായ കർഷക കരിനിയമങ്ങൾ കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്നത് ഏറ്റവും വലിയ പോരാട്ടമാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള നിയന്ത്രണാധികാരം പോലും സമ്പൂർണ്ണമായി കോർപ്പറേറ്റുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ധനപാചക വാതക വില വർധനവിലൂടെ രാജ്യത്ത് വിലകയറ്റം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
അന്തരിച്ച സിപിഐ താലൂക്ക് കമ്മിറ്റിയംഗം ആർ തുളസീധരൻ പാർട്ടിയിലെ സജീവ പ്രവർത്തകനും എല്ലാ രംഗത്തും നിറസാന്നിധ്യവുമായിരുന്നുവെന്ന് കെ കെ ശിവരാമൻ അനുസ്മരിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം വി ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ താലൂക്ക് സെക്രട്ടറി പി പി ജോയി, താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറി പി ജി വിജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ സുനിൽ സെബസ്റ്റ്യൻ, എ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.