തൊടുപുഴ: ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മൽസരാർഥിയെ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാതെ മടക്കിയയച്ചതായി പരാതി. പത്തനംതിട്ട ഓമല്ലൂർ സ്വദേശിയും മൂലമറ്റം സെന്റ് ജോസഫ് കോളജ് വിദ്യാർഥിയുമായ ബിജിൽ വർഗീസിനാണ് ഇന്നലെ രാവിലെ മുതൽ കാത്തിരുന്നതിനു ശേഷം നിരാശനായി മടങ്ങേണ്ടി വന്നത്. തൊടുപുഴ വെങ്ങല്ലൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സോളോ ഡാൻസ് ഇനത്തിലാണ് ബിജിൽ മൽസരിക്കേണ്ടിയിരുന്നത്. മൽസരത്തിൽ വിധി നിർണയം നടത്തേണ്ടയാൾ വന്നില്ലായെന്ന കാരണം പറഞ്ഞാണ് സംഘാടകർ ബിജിലിനെ തിരിച്ചയച്ചത്.
മൽസരത്തിൽ പങ്കെടുക്കാൻ രാവിലെ തന്നെ വെങ്ങല്ലൂരിലെ റോളർ സ്‌കേറ്റിംഗ് റിംഗിൽ ബിജിൽ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരം വരെ കാത്തിരുന്നപ്പോഴാണ് മൽസരം ഇല്ലെന്നും വിധിനിർണയം നടത്തേണ്ടയാൾ എത്തിയില്ലെന്നും സംഘാടകർ അറിയിച്ചത്. ഇനി മൽസരാർഥിയ്ക്കും വിധികർത്താവിനും അനുയോജ്യമായ ദിവസം മൽസരം സംഘടിപ്പിക്കാമെന്നു സംഘാടകർ അറിയിച്ചതായി ബിജിൽ പറഞ്ഞു.
എന്നാൽ ബിജിൽ കഴിഞ്ഞ ദിവസം മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന റോൾ ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ മാപ്പപേക്ഷ എഴുതി നൽകാൻ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പപേക്ഷ എഴുതി നൽകാൻ ബിജിൽ തയാറായില്ല. ഇതാണ് വൈകുന്നേരം വരെ കാത്തിരുന്നിട്ടും തന്നെ മൽസരത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ കാരണമെന്ന് ബിജിൽ പറയുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കാനുള്ള മൽസരമാണ് ഇന്നലെ നടന്നത്. സംഭവത്തിൽ ജില്ലാ സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറിയ്ക്ക് ബിജിൽ പരാതി നൽകി.