തൊടുപുഴ: കലൂർ ചർച്ച് റോഡിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ 10 അടി താഴ്ചയിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല. വെങ്ങല്ലൂർ കൊ-ഓപ്പറേറ്റീവ് സ്‌കൂളിന് സമീപം തെക്കേൽ രാധാകൃഷ്ണന്റെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൂത്താട്ടുകുളം സ്വദേശികളായ രണ്ട് വനിത നഴ്‌സുമാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് നോക്കി വന്ന സംഘം വെങ്ങല്ലൂർ കവലയിൽ നിന്ന് തൊടുപുഴയ്ക്ക് പോകേണ്ടതിന് പകരം അടിമാലി റൂട്ടിൽ കയറിയ ശേഷം പള്ളിപ്പീടികയിൽ നിന്ന് കലൂർ ചർച്ച് റോഡിൽ പ്രവേശിക്കുകയായിരുന്നു. ഇതുവഴി തൊടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ വളവ് തിരിയാതെ വന്ന കാർ താഴേക്ക് പതിക്കുകയായിരുന്നു. വാഹനം പിന്നീട് ക്രയിനുപയോഗിച്ച് ഉയർത്തി മാറ്റി. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതുതായി ടാർ ചെയ്ത പിഡബ്ലുഡി റോഡാണിത്. വളവും താഴചയുമുള്ള ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.