ഉദ്ഘാടനത്തിന് മുമ്പ് ആഫീസുകൾ മാറ്റിയേക്കും
തൊടുപുഴ: കാത്ത് കാത്തിരുന്നൊടുവിൽ തൊടുപുഴയിലെ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിന് തയ്യാറാകുന്നു. ഈ വർഷം അവസാനം തന്നെ ഡിപ്പോ തുറക്കുന്നതിനായി ത്വരിത ഗതിയിലുള്ല നിർമാണ പ്രവർത്തനങ്ങളാണ് ഡിപ്പോയിൽ നടക്കുന്നത്. ഡി.ടി.ഒയുടെയും സ്റ്റേഷൻ മാസ്റ്ററുടെയും ആഫീസുകളുടെ നിർമാണം പൂർത്തീകരിച്ചു. നിലവിൽ പരിമിതമായ സൗകര്യത്തിൽ 18,000 രൂപ വാടക നൽകിയാണ് ഇപ്പോഴത്തെ താത്കാലിക ഡിപ്പോയ്ക്ക് സമീപം ആഫീസുകൾ പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ആഫീസും ഗാരേജും ഇവിടേയ്ക്ക് മാറ്റിയേക്കും. ആഫീസ് നിർമാണം പൂർത്തിയായതിനു പുറമെ താത്കാലികമായി വൈദ്യുതി കണക്ഷനും കെട്ടിടത്തിൽ ലഭിച്ചു. ഡിപ്പോയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി അധികൃതർ വാട്ടർ അതോറിട്ടിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കുടിവെള്ള കണക്ഷനും ടെലിഫോൺ കണക്ഷനും അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗാരേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ബസ് ബേയും സജ്ജമായി. പെയിന്റിംഗ് ജോലികളും യാത്രക്കാർക്കായുള്ള സൗകര്യം ഒരുക്കലും അന്തിമഘട്ടത്തിലാണ്. ഡീസൽ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. പി.ജെ. ജോസഫ് എം.എൽ.എയുടെ മേൽനോട്ടത്തിലാണ് അവസാന ഘട്ട നിർമാണം നടന്നു വരുന്നത്. എച്ച്.എൻ.എൽ കമ്പനിക്കാണ് നിർമാണച്ചുമതല. നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് ഇപ്പോൾ താത്കാലികമായി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയ്ക്ക് നഗരസഭ പലതവണ കത്തും നൽകി. ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണത്തിനുള്ള പദ്ധതിയുമായി നഗരസഭ മുന്നോട്ടു പോകുകയാണ്.
രണ്ട് കോടി കൂടി അനുവദിച്ചു
ഒക്ടോബറിൽ ഡിപ്പോയുടെ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനു കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഉദ്ഘാടനം വൈകുന്നത്. ഇപ്പോൾ രണ്ടു കോടി കൂടി അനുവദിച്ചാണ് അവസാനഘട്ട നിർമാണ പ്രവർത്തനം നടത്തുന്നത്. 2013 ജനുവരി പത്തിനാണ് മൂപ്പിൽകടവ് പാലത്തിന് സമീപം കോടികൾ മുടക്കി ആധുനിക രീതിയിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചത്. 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു.
'ഡി.ടി.ഒയും സ്റ്റേഷൻ മാസ്റ്ററുടെയും ആഫീസുകളുടെ നിർമാണ പൂർത്തിയായ കാര്യം എം.ഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ആഫീസിന്റെ പ്രവർത്തനം മാറ്റാവുന്ന സാഹചര്യമാണുള്ളത്. "
- തോമസ് മാത്യു (ഡി.ടി.ഒ)