ഇടുക്കി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിയേറ്റ പാതയായ മണിയാറംകുടി- കൈതപ്പാറ- ഉടുമ്പന്നൂർ റോഡിന്റെ സർവേ നടപടികൾക്ക് തുടക്കം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രാരംഭ നടപടിയായ സർവ്വേയ്ക്ക് തുടക്കമായത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് പണിയുന്നത്. വനം വകുപ്പിന്റെ സ്ഥലത്തിൽ കൂടി കടന്നു പോകുന്ന ഈ പാത മണിയാറംകുടിയിൽ നിന്ന് തൊടുപുഴയ്ക്കുള്ള എളുപ്പവഴിയാണ്. ഈ റോഡിന്റെ പണി പൂർത്തിയായാൽ ഇവിടത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് തൊടുപുഴയ്ക്ക് എളുപ്പത്തിൽ പോകാനാകും. നിലവിൽ ജീപ്പ്, ബൈക്ക് പോലുള്ള വാഹനങ്ങൾ മാത്രമാണ് ഈ വഴി കടന്നു പോകുന്നത്. ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രയത്‌നത്തിനൊടുവിലാണ് റോഡിന് നിർമാണ അനുമതി ലഭിച്ചത്. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മുൻ എം.പി ജോയ്‌സ് ജോർജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സത്യൻ, ആൻസി ജോസ്, സിജി ചാക്കോ രാജു കല്ലറയ്ക്കൽ, സെലിൻ, കക്ഷി രാഷ്ട്രീയ നേതാക്കളായ സി.വി. വർഗീസ്, അനിൽ ആനിയ്ക്കാനാട്ട് തുടങ്ങിയവർ പങ്കെടുത്തു.