ഇടുക്കി: സ്‌പോട്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഹാഫ് മാരത്തൺ ഡാം ടു ഡാം റൺ ജനപങ്കാളിത്തത്താൽ വൻവിജയമായി മാറി. പൊലീസിന്റെയും ഡി.ടി.പി.സിയുടെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെയാണ് ഇടുക്കിയിൽ ഹാഫ് മാരത്തൺ സംഘടിപ്പിച്ചത്. രാവിലെ ഏഴിന് കുളമാവ് ഡാം പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തൺ ചെറുതോണി ഡാം പരിസരത്താണ് സമാപിച്ചത്. ജില്ലാ കളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. കുളമാവ് ഡാമിൽ നിന്ന് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, എന്നിവരുടെ നേതൃത്വത്തിൽ മാരത്തൺ ആരംഭിച്ചു. ജില്ലാ വികസന കമ്മിഷണർ ഹാഫ് മാരത്തണിൽ മുഴുനീള പങ്കാളിയായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത് 150 പേരാണ് പങ്കെടുത്തത്. കോതമംഗലം എം.എ കോളേജിൽ പഠിക്കുന്ന ദേവരാജ് ഒന്നാമതായും രണ്ടാമതായി ഇതേ കോളേജിലെ മറ്റൊരു വിദ്യാർത്ഥിയായ ഷെറിനും എത്തി.
ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കുമെന്ന് ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്‌പോർട്‌സ് ടൂറിസം പ്രോത്സാഹിപ്പിച്ചു കായിക രംഗത്ത് ഉണർവ് നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമാപന പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു.