ഇടുക്കി: ജില്ലയിൽ 12,000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ 15ന് മുമ്പ് തയ്യാറാക്കാൻ ഉന്നതതല ജില്ലാതല അവലോകന യോഗത്തിൽ ധാരണ. മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ഗവ. എൻജിനീയറിംഗ് കോളേജ് ഹാളിൽ ചേർന്ന യോഗത്തിൽ പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിലെ നാണ്യവിളകളായ റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് സഹായകരമായ രീതിയിൽ നിർദേശങ്ങൾ പാക്കേജിൽ ഉൾക്കൊള്ളിക്കും. ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് വേണ്ടതെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് സമഗ്ര പദ്ധതി ആവശ്യമാണെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിലെ പച്ചക്കറി കർഷകരുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് എ. രാജ എം.എൽ.എ പറഞ്ഞു. ജില്ലയിൽ പച്ചക്കറി കൃഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കൂടുതൽ സംഭരണ കേന്ദ്രങ്ങളും വിപണന സംവിധാനങ്ങളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. തുടർ യോഗങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളെയും പങ്കെടുപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. ഏലം പോലെയുള്ള വിളകൾക്ക് താങ്ങുവില നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ എകോപന ചുമതല മുൻ എം.പി ജോയ്‌സ് ജോർജിനെ യോഗം ഏൽപ്പിച്ചു. വിവിധ വകുപ്പുകൾ സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് സർക്കാരിന് സമർപ്പിക്കുന്ന സമീപനരേഖയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം.എൽ.എമാരെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിംഗ് ആഫിസർ ഡോ. സാബു വർഗീസ് എന്നിവരും പങ്കെടുത്തു.