മലങ്കര: മലങ്കര എസ്റ്റേറ്റിൽ പ്രാഥമിക സൗകര്യം പോലുമില്ലാതെ തൊഴിലാളികൾ നരകയാതന അനുഭവിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ജില്ലാ എസ്റ്റേറ്റ് ലേബേഴ്‌സ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ (ഐ.എൻ.ടി.യു.സി)​ നേതൃത്വത്തിൽ മലങ്കര എസ്റ്റേറ്റ് ഫാക്ടറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴകി ദ്രവിച്ച് ഇടിഞ്ഞു വീഴാറായ ലയങ്ങളിലും ആന നിന്നാൽ കാണാത്ത തരത്തിൽ കാടുകയറിയ തോട്ടങ്ങളിലും ജീവിച്ച് പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥ അതിദയനീയമാണ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ തൊഴിലാളിവിരുദ്ധ നടപടിയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കുഞ്ഞ് ഇല്ലംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോമോൻ ഫിലിപ്പ്, എം.പി. അഷറഫ്, അരുൺ പൂച്ചക്കുഴി, ബെന്നി ചാവാട്ട്, എം.എസ്. ബിനുകുമാർ, കെ. സുനീഷ്, വി.പി. ഷാജി,​ വി.പി. ഷൈജു എന്നിവർ പ്രസംഗിച്ചു. മിനിമം കൂലി 700 രൂപയാക്കി ഉയർത്തുക,​ തൊഴിലാളികൾക്ക് മഴ കോട്ടുകൾ വിതരണം ചെയ്യുക,​ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക,​ അന്യസംസ്ഥാന തൊഴിലാളികളെ ഒഴിവാക്കി ടെമ്പററി ക്യാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക,​ റിട്ടയർ ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് സ്ഥിരനിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.