മൂലമറ്റം: കാലപ്പഴക്കത്താൽ ഇടിഞ്ഞ് വീഴാറായ വൈദ്യുതി ബോർഡിന്റെ കെട്ടിടം പൊളിച്ച് മാറ്റണമെന്നുള്ള ആവശ്യം ശക്തമാകുന്നു. മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിൽ ഐ.എച്ച്.ഇ.പി.യു.പി സ്കൂളിന്റെ മുന്നിലുള്ള കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. മൂലമറ്റം- വാഗമൺ സംസ്ഥാന പാതയോട് ചേർന്നാണ്‌ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി കെട്ടിടം അപകടാവസ്ഥയിലായിട്ടും അധികൃതർ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് ജനം പറയുന്നു. റോഡിന്റെ രണ്ട് വശങ്ങളിലായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മൂലമറ്റം പവർ ഹൗസ് നിർമ്മാണ കാലഘട്ടത്തിൽ ബോർഡ് ജീവനക്കാരുടെ കുട്ടികൾക്ക് പഠിക്കാൻ വേണ്ടി നിർമ്മിച്ചതാണ് സ്കൂൾ. പീന്നീട് പ്രദേശവാസികളുടെ കുട്ടികളും ഇവിടെ പഠിക്കാനെത്തി. ടൂറിസ്റ്റ് വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നതും.