തൊടുപുഴ: നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുമ്പോൾ അദ്ധ്യാപക ക്ഷാമം പരിഹരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലയിലെ എൽ.പി.എസ്.എ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിലെ പി.എസ്.സി പട്ടികയ്ക്ക് ഡിസംബർ 27 വരെ കാലാവധി ഉണ്ട്. ലിസ്റ്റിൽ ധാരാളം ഉദ്യോഗാർഥികളും ഉണ്ട്. ജില്ലയിലെ പ്രൈമറി സ്‌കൂളുകളിൽ ഇപ്പോൾ തന്നെ 33 ഹെഡ്മാസ്റ്റർമാരുടെ ഒഴിവുകളുണ്ട്. ഇത്തരത്തിൽ ഹെഡ്മാസ്റ്റർ പ്രമോഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ ഉൾപ്പടെ 50 ൽപരം ഒഴിവുകൾ നില നിൽക്കുമ്പോഴും പി.എസ്.സി ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ ഉണ്ടായിട്ടും ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉദ്യോഗാർത്ഥികളോട് കാട്ടുന്ന വഞ്ചനയാണ്. നിലവിലുള്ള ഒഴിവിൽ പി.എസ്.സി റൊട്ടേഷൻ അനുസരിച്ച് റാങ്ക് പട്ടികയിൽ നിന്ന് അദ്ധ്യാപകരെ നിയമിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്ലെസി എം. രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്രിസ്റ്റി ബെൻ, ബിനു കൊച്ചുചെറുക്കൻ, സുനിൽ കുമാർ ടി.പി, സുനിത സി.കെ എന്നിവർ പ്രസംഗിച്ചു.