ചന്ദന വനത്തിൽ നിന്ന് വിത്തുകൾ ശേഖരിച്ച് തുടങ്ങി
മറയൂർ: കേരളത്തിലെ സ്വാഭാവിക ചന്ദന വനമായ മറയൂരിലെ ചന്ദന വനത്തിൽ നിന്നും വിത്തുകൾ ശേഖരിച്ച് തുടങ്ങി. കേരളത്തിലും സമാനകാലവസ്ഥയുള്ള മറ്റു സംസ്ഥാനങ്ങളിലും കാടുകളിൽ ചന്ദനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സെപ്തംബർ മുതൽ ഡിസംബർ വരേയുള്ള മാസങ്ങളിലാണ് മറയൂരിലെ മൂന്ന് ചന്ദന റിസർവുകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുന്നത്. മറയൂർ കാടുകളിലെ ചന്ദന മരങ്ങളുടെ ചുവടുകളിൽ നിന്ന് തൊഴിലാളികളെ ഉപയോഗിച്ചാണ് ചന്ദനമരത്തിന്റെ പഴങ്ങൾ ശേഖരിക്കുന്നത്. കടും നീല നിറത്തിലുള്ള ചെറുപഴങ്ങൾ താനേ വീണ് ഉണങ്ങികിടക്കുന്നതാണ് ജീവനക്കാരെ ഉപയോഗിച്ച് വനം വകുപ്പ് ശേഖരിക്കുന്നത്. മറയൂർ ചന്ദനം ഗുണമേന്മയിലും സുഗന്ധത്തിലും മറ്റിടങ്ങളിലേക്കാൾ മേന്മയുള്ളവയായതിനാലാണ് ഇവ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. വന സംരക്ഷണ സമിതിയിലെ തിരഞ്ഞെടുത്ത സ്ത്രീകളാണ് ചന്ദന വിത്ത് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിത്തുകൾ തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ വനം വകുപ്പിനും റിസേർച്ച് സെന്റുകൾക്കുമാണ് വിതരണം ചെയ്യുന്നത്. മുൻ കാലങ്ങളിൽ വന സംരക്ഷണ സമിതികൾ വഴി ശേഖരിക്കുന്നവ നേരിട്ട് വിൽപ്പന നടത്തുകയായിരുന്നു പതിവ്. ഇത്തവണ വനം വകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് വിൽപ്പന നടത്തുന്നത്. വനവികസന സമിതിയുടെ നിയന്ത്രണത്തിൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരിക്കുന്നത്. മറയൂർ റേഞ്ചിന്റെ കീഴിൽ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് വിത്തുകൾ ശേഖരിക്കുന്നത്. വനവികസന സമിതിയുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിൽ തുക അടച്ച് അപേക്ഷ നൽകിയാൽ ആർക്കും വിത്ത് ലഭിക്കും.
വിത്തിന് റെക്കോഡ് വില
മറയൂർ ചന്ദന വനത്തിൽ നിന്ന് ശേഖരിക്കുന്ന ചന്ദന വിത്തിന് കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിക്കുന്നത്. കിലോയ്ക്ക് ഏറ്റവും ഉയർന്ന വില 2,000 രൂപയാണ്. ഇതിൽ ശേഖരിക്കുന്ന തൊഴിലാളികൾക്ക് കിലോയ്ക്ക് 400 രൂപയും വന സംരക്ഷണ സമിതിക്ക് 300 രൂപയും ലഭിക്കും. 1300 രൂപ വന വികസന ഫണ്ടിലേക്ക് മാറ്റും.