മറയൂർ: മറയൂർ കോളനിയിൽ രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. പ്രദേശവാസികൾ ഉറക്കമഴിച്ച് കാട്ടാനകളെ തുരത്താൻ തുടങ്ങിയിട്ട് ഒരു ഒരുമാസത്തിലധികമായി. വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളിയാഴ്ച രാത്രി കോളനിയിൽ ഇറങ്ങിയ ഒറ്റയാൻ കല്യാണിയമ്മയുടെ കരിമ്പിൻ തോട്ടത്തിൽ ഇറങ്ങി 50 സെൻന്റിൽ നട്ടിരുന്ന കരിമ്പ് ചവിട്ടിയും തിന്നും നശിപ്പിച്ചു. വീടുകൾക്ക് സമീപം വാഴകളും തിന്ന് മടങ്ങി. അടിക്കടി എത്തുന്ന ആനക്കൂട്ടത്തെ ഓടിച്ചുവിടുന്നത് പ്രദേശവാസികളാണ്. ഒറ്റയാൻ എത്തിയെന്ന് വനംവകുപ്പിൽ വിവരം അറിയിച്ചെങ്കിലും ജീപ്പിൽ വന്നു നോക്കി തിരിച്ചു പോവുകയാണ് ചെയ്തതെന്നും പ്രദേശത്ത് ആനകൾ എത്താതിരിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് ആക്ഷേപം. രണ്ട് ദിവസം മുമ്പാണ് മൂന്ന് ആനകളെത്തി വീടിന് സമീപവും കൃഷിത്തോട്ടത്തിലുമായി കറങ്ങി നടന്ന് കൃഷികൾ നശിപ്പിച്ചു മടങ്ങിയത്. കാട്ടാനകൾ സ്ഥിരമായി എത്താൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. ആനകൾ പ്രദേശത്ത് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.