കുളമാവ്: ഗൃഹനാഥനെ കുളമാവ് ഡാമിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തങ്കമണി സ്വദേശി വാണിശേരിൽ വി.സി. ടോമിയാണ് (59) മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് തങ്കമണിയിൽ നിന്ന് കാണാതായ ടോമിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ ബൈക്കും ചെരിപ്പും ഇന്നലെ രാവിലെ കുളമാവ് മുത്തിയുരുണ്ടയാറിന് സമീപം കണ്ടെത്തിയത്. ഇതോടെ ഡാമിൽ കാണാതായതാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് കുളമാവ് പൊലീസിന്റെയും മൂലമറ്റം അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നെത്തിയ സ്‌കൂബ ടീം അംഗങ്ങളാണ് തിരച്ചിൽ നടത്തിയത്. കാര്യമായ സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ ഇല്ലാത്ത ടോമി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് അയൽക്കാർ പറയുന്നത്. പുറത്ത് അധികമാരുമായി സമ്പർക്കമില്ലാതിരുന്ന ടോമി നല്ലൊരു കർഷകനായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൂലമറ്റം അഗ്‌നി രക്ഷാസേന സ്റ്റേഷൻ ആഫീസർ ശശീന്ദ്രബാബു, അസി. സ്റ്റേഷൻ ആഫീസർ അബ്ദുൾ അസീസ്, സ്‌കൂബാ ടീം അംഗങ്ങളായ അൻവർ ഷാ, ജിഷ്ണു, അജയൻ, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്.